Tech

വിവോ വി50 അടുത്ത മാസം ഇന്ത്യൻ വിപണിയിൽ, പ്രതീക്ഷിക്കാവുന്ന വിലയും ഫീച്ചറുകളും!

ചൈനീസ് കമ്പനിയായ വിവോയുടെ വി 50 സീരീസ് ലോഞ്ചിനൊരുങ്ങുന്നു. കഴിഞ്ഞ ഓഗസ്റ്റ് 7ന് പുറത്തിറക്കിയ വിവോ വി40 സീരീസിന്‍റെ പിൻഗാമിയായിരിക്കും വരാനിരിക്കുന്ന വി50. 2025 ഫെബ്രുവരിയിൽ തന്നെ ഇന്ത്യയിൽ പുറത്തിറക്കാനാണ് സാധ്യത. ഫെബ്രുവരി 18ന് പുറത്തിറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

എന്നാൽ പുതിയ ഫോണിന്‍റെ ലോഞ്ചിനെക്കുറിച്ച് കമ്പനി യാതൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചൈനയിൽ പുറത്തിറക്കിയ വിവോ എസ് 20 മോഡലിന്‍റെ റീബ്രാൻഡ് ചെയ്‌ത പതിപ്പാവും വിവോ വി50 എന്ന പേരിൽ കമ്പനി ഇന്ത്യയിൽ പുറത്തിറക്കുകയെന്നാണ് വിവരം.

വി50 സീരീസിൽ രണ്ട് ഫോണുകളാവും പുറത്തിറക്കുക. വിവോ വി50, വിവോ വി50 പ്രോ എന്നീ രണ്ട് ഫോണുകളായിരിക്കും ഈ സീരീസിൽ ലോഞ്ച് ചെയ്യുകയെന്നാണ് സൂചന. നാല് കളര്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമായേക്കും. നീല, ആഷ്, റോസ്, ചുവപ്പ് എന്നിവയാണ് ആ കളര്‍ ഓപ്ഷനുകള്‍.

12 ജിബി വരെ റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഫോണിന് സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 പ്രോസസര്‍ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ വിവോ വി40 മോഡലിന്റെ അതേ പ്രോസസ്സറാണിത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1.5k റെസല്യൂഷനുമുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായി ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത.

50 എംപി പ്രധാന ക്യാമറയും 8 എംപി അള്‍ട്രാവൈഡ് ക്യാമറയും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവുമായി സ്മാര്‍ട്ട്‌ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 90W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 6000 എംഎഎച്ച് ബാറ്ററി ഇതില്‍ ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ചൈനയില്‍, വിവോ എസ് 20 യുടെ വില 27000 രൂപയാണ്. ഇന്ത്യയില്‍, വിവോ വി 50 യുടെ വില ഏകദേശം 30,000 രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.