കോഴിക്കോട്: കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ താഴേക്ക് ചാടി യുവതിക്ക് പരിക്കേറ്റതിൽ ഹോട്ടൽ ഉടമ പിടിയിൽ. കേസിലെ ഒന്നാം പ്രതിയായ ഹോട്ടൽ ഉടമ ദേവദാസനെ മുക്കം പൊലീസാണ് പിടികൂടിയത്. തൃശൂർ കുന്നംകുളത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് സ്വന്തം വാഹനം ഉപേക്ഷിച്ച ശേഷമാണ് കൊച്ചിയിലേക്ക് യാത്ര ചെയ്തത്. ഹൈക്കോടതിയെ സമീപിക്കാനാരിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. ഇയാളെ മുക്കത്തെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
യുവതിയെ ഹോട്ടലുടമയും ജീവനക്കാരും ഉപദ്രവിക്കാന്‍ ശ്രമിച്ചതിന്‍റെ വീഡിയോ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. യുവതി പേടിച്ച് ബഹളം വെക്കുന്നതും ബഹളം ഉണ്ടാക്കരുതന്ന് യുവതിയോട് അക്രമികള്‍ പറയുന്നതും വീഡിയോയിലുണ്ട്. ഹോട്ടല്‍ ജീവനക്കാരിയായ യുവതി താമസ്ഥലത്ത് വീഡിയോ ഗെയിം കളിച്ചോണ്ടിരിക്കവെയാണ് ഹോട്ടലുടമ ദേവദാസും രണ്ട് ജീവനക്കാരും എത്തുന്നത്. വീട്ടിലെത്തിയവരെക്കണ്ട് യുവതി കരഞ്ഞ് ബഹളമുണ്ടാക്കി ശബ്ദം ഉയർത്തരുതെന്ന് യുവതിയോട് അക്രമികള്‍ പറയുന്നുണ്ട്.
ഇതിന് പിന്നാലെയാണ് യുവതി കെട്ടിടത്തില്‍ നിന്ന് ചാടുന്നതും ഗുരുതരമായി പരിക്കേല്‍ക്കുന്നതും. നട്ടെല്ലിന് ഉള്‍പ്പെടെ പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുകയാണ്. ഹോട്ടൽ ഉടമ ദേവദാസ് ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. പയ്യന്നൂർ സ്വദേശിയായ യുവതി മൂന്നു മാസം മുമ്പാണ് മുക്കം മാമ്പറ്റയിലെ ഹോട്ടലില്‍ ജോലിക്കെത്തുന്നത്.