പാവയ്ക്ക എന്ന് കേള്‍ക്കുമ്പോഴേ.. മുഖം ചുളിക്കേണ്ട.. പാവയ്ക്കയ്ക്ക് കയ്പുണ്ട്. പക്ഷേ അതിലേറെ ഗുണവുമുണ്ട്. പാവയ്ക്ക മെഴുക്കുപുരട്ടിയും തിയലുമൊക്കെ അവിടെ നില്‍ക്കട്ടെ പാവയ്ക്കാ ജ്യൂസും പോട്ടെ.. ഇനി പാവയ്ക്ക ചായയാണ് താരം. ആരോഗ്യഗുണങ്ങള്‍ ഏറെ ഉള്ളത് കൊണ്ട് തന്നെ ഈ ഐറ്റം ഒന്നു പരീക്ഷിച്ച് നോക്കു.. പിന്നെ നിങ്ങളുടെ ഫേവറിറ്റ് ലിസ്റ്റിലുണ്ടാവും. അത് ഉറപ്പാണ്! നിങ്ങള്‍ പാവയ്ക്ക ചായ കുടിച്ചിട്ടുണ്ടോ? മുഖം ചുളിക്കേണ്ട, പാവയ്ക്ക കൊണ്ടും ചായ ഉണ്ടാക്കാം. ഗോഹ്യാ ചായ എന്നും അറിയപ്പെടുന്ന പാവയ്ക്ക ചായയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ചായയുണ്ടാക്കാനുള്ള രീതിയൊന്ന് പരിചയപ്പെടാം.
ഉണങ്ങിയതോ വാട്ടിയതോ ആയ പാവയ്ക്ക ചെറിയ കഷ്ണങ്ങളാക്കിയത്, വെള്ളം, തേന്‍ ഇവ മൂന്നുമാണ് പ്രധാനമായും വേണ്ടത്. പാവയ്ക്ക് പകരം ഇവയുടെ ഇല ഉണങ്ങിയതായാലും ബെസ്റ്റാണ് കേട്ടോ! ആദ്യം ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം തിളപ്പിക്കുക. തേയില ഇടുന്നതിന് പകരം പാവയ്ക്ക അല്ലെങ്കില്‍ ഇല ഇടുക. ഇടതരം ചൂടില്‍ പത്തേപത്ത് മിനിറ്റ് തിളിപ്പിച്ച ശേഷം തീയില്‍ നിന്നും മാറ്റിവയ്ക്കുക. ശേഷം തേന്‍ ചേര്‍ത്ത് കുടിക്കുക.
പ്രമേഹരോഗികള്‍ക്ക് പാവയ്ക്കയുടെ ഉപയോഗം പറഞ്ഞുതരേണ്ട ആവശ്യമില്ലല്ലോ.. ഈ പാനീയം രക്തത്തിലെ അളവ് നിയന്ത്രിക്കുക മാത്രമല്ല പ്രമേഹം ക്രമീകരിക്കാനും സഹായിക്കും. രക്തത്തിലെ ചീത്ത കോളസ്‌ട്രോളിന്റെ കാര്യത്തിലും പാവയ്ക്ക ബസ്റ്റാണ്. ഹൃദയവും നല്ലാരോഗ്യത്തോടെ ഇരിക്കും.
പാവയ്ക്ക ചായ കരളിലെ വിഷാംശം ഇല്ലാതാക്കാനും കുടലുകളെ ശുദ്ധീകരിക്കാനും സഹായിക്കും. ദഹന പ്രശ്‌നത്തിനും പരിഹാരമാണ്. വൈറ്റമിന്‍ സിയുള്ളതിനാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ഇനി വിറ്റാമിന്‍ എ കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. അപ്പോള്‍ എങ്ങനാ.. ഇനി ചായ പാവയ്ക്ക കൊണ്ട് തന്നെ!
content highlight: bitter gourd tea