ബജറ്റ് – മിഡ് റേഞ്ച് ഫോണുകളിൽ ഐക്യൂവിന്‍റെ പെർഫോമൻസിനെയും ഫീച്ചറുകളെയും വെല്ലാൻ നിലവിൽ മറ്റൊരു ഫോണില്ല എന്നാണ് സംസാരം. അതിൽ തന്നെ ഐക്യൂവിന്‍റെ നിയോ സീരീസ് ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ പെർഫോമൻസിനെ പോലും നാണിപ്പിക്കുന്ന പടക്കുതിരകളാണ്. നിയോ 9 പ്രോ തന്നെ ഏറ്റവും വലിയ ഉദാഹരണം. സ്നാപ്ഡ്രാഗന്റെ ഏറ്റവും മികച്ച ചിപ്പ് സെറ്റുകൾക്കൊപ്പം ഐക്യൂവിന്‍റെ ക്യൂ 1 സൂപ്പർ കമ്പ്യൂട്ടിങ് ചിപ്പ് കൂടെ ഘടിപ്പിച്ച വമ്പൻ ഗെയിമിങ് മെഷീൻ ആയിരുന്നു നിയോ 9 പ്രോ.
ഇപ്പോഴിതാ ശ്രേണിയിലെ ഏറ്റവും പുതിയ അവതാരങ്ങൾ ഇന്ത്യയിൽ എത്തുകയാണ്. ഐക്യൂ നിയോ 10 സീരീസിലെ ആദ്യത്തെ താരം നിയോ 10 R ആണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. ലോഞ്ച് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാർച്ചിൽ വിപണിയിൽ എത്താനാണ് സാധ്യത. അതേസമയം, ഡിസൈൻ ഘടകങ്ങൾ ഉൾപ്പടെയുള്ള ചില വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
പിൻഭാഗത്തെ ഡിസൈനിനൊപ്പം ആമസോണിലെ ലഭ്യതയും ഒരു കളർ ഓപ്ഷനുമാണ് ഐക്യൂ എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. ഡ്യുവൽ ടോൺ റേജിങ് ബ്ലൂ ഓപ്ഷനിലുള്ള ഫോണാണ് പുറത്തുവിട്ട ചിത്രത്തിലുള്ളത്. ഡ്യുവൽ ക്യാമറ സെറ്റപ്പാണുള്ളത്. 50 മെഗാപിക്സൽ സോണി LYT-600, 8 എംപി അൾട്രാ വൈഡ് എന്നീ കാമറകളാണ് പിന്നിലുള്ളത്. മുന്നിൽ 16 എംപി സെൽഫി കാമറയുമുണ്ട്. ഗെയിമിങിനുൾപ്പടെ ഗംഭീര പെർഫോമെൻസ് നൽകുന്ന ക്വാല്‍കോം സ്നാപ്ഡ്രാഗൺ 8എസ് ജെന്‍ 3 പ്രൊസസറാകും ഫോണിന് കരുത്തേകുക.
8GB+256GB, 12GB+256GB സ്റ്റോറേജ് ഓപ്ഷനുകളിലാകും 10R എത്തുക. 144 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള ഒ.എൽ.ഇ.ഡി ഡിസ്പ്ലേ, 6400 എം.എ.എച്ച് ബാറ്ററി, 80 വാട്സ് ഫാസ്റ്റ് ചാർജർ എന്നിവയാണ് സവിശേഷതകൾ. 30000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ആമസോണിന് പുറമെ ഐക്യൂ ഇ സ്റ്റോറിലും നിയോ 10R ലഭ്യമാകും.
content highlight: Iqoo neo 10r