Kerala

ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയെത്തി പോലീസ്; വിവാഹ സംഘത്തെ ആക്രമിച്ചത് ആളുമാറി; എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട് | special branch report against si

വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് പൊലീസിന്‍റെ മർദ്ദനമേറ്റത്

പത്തനംതിട്ട: വഴിയില്‍ വാഹനം നിര്‍ത്തി വിശ്രമിക്കുകയായിരുന്ന സ്ത്രീകളടക്കമുള്ള സംഘത്തിന് നേരെ പോലീസ് അതിക്രമം നടത്തിയ സംഭവത്തിൽ എസ് ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവും സംഘവുമാണ് വിവാഹ സംഘത്തെ ആക്രമിച്ചത്. പൊലീസ് എത്തിയത് ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണ്. എന്നാൽ ആളുമാറി വിവാഹ സംഘത്തെ ആക്രമിച്ചതാണെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നത്.

വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് പൊലീസിന്‍റെ മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. സംഭവത്തിൽ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നാണ് ഉയരുന്ന പരാതി. അടൂരിൽ വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പൊലീസ് സംഘം തല്ലിയോടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ സിതാര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ അറിയിച്ചു. പരിക്കേറ്റവരുടെ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തി.