Kerala

കോഴിക്കോട്ട് ബസ് ബൈക്കിലിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു | kozhikode accident one dead

ഇടിയിൽ നിന്ത്രണം വിട്ട ബസ് പാലം തീരുന്നിടത്ത് റോഡിന് വലതുവശത്തേക്കാണു മറിഞ്ഞത്

കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലത്തെ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോടു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു മരണം.

ഇന്നലെ വൈകിട്ട് 4.15ഓടെയാണ് അപകടമുണ്ടായത്. അരയിടത്തുപാലത്തെ മേൽപ്പാലം അവസാനിക്കുന്നതിന്‍റെ അടുത്ത് വെച്ച് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 56 പേർക്കു പരുക്കേറ്റു. പലരുടെയും പരുക്കു ഗുരുതരമല്ലാത്തതിനാൽ ഇന്നലെ തന്നെ ഡിസ്ചാർജ് ചെയ്തിരുന്നു.

പുതിയ സ്റ്റാൻഡ് ഭാഗത്തേക്കു പാലം കയറി വരികയായിരുന്ന ബൈക്കും പാലം ഇറങ്ങുകയായിരുന്ന ബസുമാണു കൂട്ടിയിടിച്ചത്. ഇടിയിൽ നിന്ത്രണം വിട്ട ബസ് പാലം തീരുന്നിടത്ത് റോഡിന് വലതുവശത്തേക്കാണു മറിഞ്ഞത്. ഫയർ ഫോഴ്സും പൊലീസും ചേർന്ന് ബസ് ഉയർത്തി മാറ്റി റോഡ് വൃത്തിയാക്കി. ആറരയോടെയാണ് പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനായത്.