Automobile

ഈ മാസം വിപണിയിലേക്ക് എത്തുന്നത് മൂന്ന് കലക്കൻ കാറുകൾ!! കൂടുതൽ വിവരങ്ങൾ………| New car Launching

ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തുന്ന രണ്ട് എസ്‌യുവികളേയും ഒരു സ്‌പോര്‍ട് കാറിനേയും പരിചയപ്പെടാം

ഓട്ടോ എക്‌സ്‌പോയും ജനുവരിയും വാഹനങ്ങള്‍ പുറത്തിറങ്ങുന്നതിന്റെ ബഹളവും കഴിഞ്ഞു. പുതുവര്‍ഷത്തില്‍ ആദ്യമാസത്തെ അപേക്ഷിച്ച് കുറച്ച് കാറുകള്‍ മാത്രമേ ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നുള്ളൂ. ആകെ മൂന്നെണ്ണം. അതും എല്ലാം ഐസിഇ മോഡലുകള്‍. ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തുന്ന രണ്ട് എസ്‌യുവികളേയും ഒരു സ്‌പോര്‍ട് കാറിനേയും പരിചയപ്പെടാം.

കിയ സിറോസ്

ഫെബ്രുവരിയിലെ ആദ്യ വാഹനം കിയ സിറോസ് വിപണിയിൽ എത്തിക്കഴിഞ്ഞു. സിറോസിന്റെ ഫീച്ചറുകളും സവിശേഷതകളും കുറച്ചു കാലം മുമ്പ് തന്നെ കിയ പുറത്തുവിട്ടിരുന്നു. വില പ്രഖ്യാപിച്ചത് ഫെബ്രുവരി ഒന്നിനാണ്. 8.99 ലക്ഷം രൂപ മുതൽ 16.99 ലക്ഷം രൂപ വരെയാണ് വില. സോണറ്റിന് മുകളിലായിട്ടാണ് സിറോസിനെ അവതരിപ്പിക്കുന്നത്. സിറോസില്‍ കാബിന്‍ സ്‌പേസിന്റെ കാര്യത്തില്‍ കിയ നല്ല പോലെ ശ്രദ്ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പിന്‍ നിരയില്‍. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഡ്രൈവര്‍ ഡിസ്‌പ്ലേയും പനോരമിക് സണ്‍റൂഫും അഡ്ജസ്റ്റബിള്‍, വെന്റിലേറ്റഡ് പിന്‍സീറ്റുകളുമെല്ലാം കിയ സിറോസിന്റെ ജനപ്രിയ ഫീച്ചറുകളില്‍ ഇടം നേടാന്‍ സാധ്യതയുണ്ട്.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍. 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 120 എച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാവട്ടെ 116എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക. പെട്രോള്‍ വകഭേദത്തിന് ഓട്ടമാറ്റിക്കില്‍ 17.6 കിലോമീറ്ററും മാനുവലില്‍ 18.2 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. ഡീസലിലേക്കെത്തുമ്പോള്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ 17.6 കിലോമീറ്ററും ഓട്ടമാറ്റിക്കില്‍ 20.7 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

ഔഡി ആര്‍എസ് ക്യു8 പെര്‍ഫോമെന്‍സ്

ഔഡി ആര്‍എസ് ക്യു8 ലൈന്‍ അപ്പിലെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് പെര്‍ഫോമെന്‍സ്. എല്‍ഇഡി മെട്രിക്‌സ് ഹെഡ്‌ലൈറ്റുകളും പിന്നിലെ ഒഎല്‍ഇഡി ലൈറ്റുകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. യുകെയില്‍ 22 ഇഞ്ച് അലോയ് വീലുകള്‍ സ്റ്റാന്‍ഡേഡായും 23 ഇഞ്ച് അലോയ് ഓപ്ഷണലായുമാണ് എത്തിയത്.

ക്യു8ന് കരുത്തേക്കേകുന്നത് 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ്. 640എച്ച്പി കരുത്തും പരമാവധി 850എന്‍എം ടോര്‍ക്കും പുറത്തെടുക്കും. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 3.6 സെക്കന്‍ഡ് മതി. പരമാവധി വേഗത മണിക്കൂറില്‍ 305 കിലോമീറ്റര്‍ വരെ. 48വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും കൂടുതല്‍ മികച്ച പ്രകടനം ഉറപ്പിക്കുന്നു. അഞ്ച് ലക്ഷം നല്‍കി ബുക്കു ചെയ്യാം. വില 1.60 കോടി രൂപ.

അസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍ക്വിഷ്

ആറു വര്‍ഷത്തിനു ശേഷം അസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍ക്വിഷിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനും ഫെബ്രുവരി സാക്ഷിയാവും. 5.2 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് ഈ സ്‌പോര്‍ട് കാറിന്റെ കരുത്ത്. പരമാവധി 835എച്ച്പി വരെ കരുത്തും 1000എന്‍എം വരെ ടോര്‍ക്കും പുറത്തെടുക്കാനാവും. അസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജുമായി താരതമ്യപ്പെടുത്തുമ്പോള്‍ 170എച്ച്പി കരുത്തും 200എന്‍എം ടോര്‍ക്കും കൂടുതലാണ്. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്ക് 3.2 സെക്കന്‍ഡില്‍ കുതിച്ചെത്തും. വാന്റേജിനേക്കാള്‍ 0.3 സെക്കന്‍ഡ് വേഗം കൂടുതല്‍. പരമാവധി വേഗത മണിക്കൂറില്‍ 345 കിലോമീറ്റര്‍.

ഡിബി12ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന ഹെഡ്‌ലൈറ്റും ഗ്രില്‍ ഡിസൈനും. ബോണറ്റില്‍ രണ്ട് വലിയ എയര്‍ വെന്റുകള്‍. പിന്നില്‍ നാല് എക്‌സ്‌ഹോസ്റ്റുകളും സ്‌റ്റെയര്‍കെയ്‌സ് പാറ്റേണില്‍ കുത്തനെയുള്ള ടെയില്‍ ലൈറ്റുകളും. ഉള്ളിലേക്കുവന്നാല്‍ 10.25 ഇഞ്ചിന്റെയാണ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ്. അതേ വലിപ്പമുള്ള ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയുമുണ്ട്. 1,170 വാട്ട് 15 സ്പീക്കര്‍ ബോവേഴ്‌സ് ആന്റ് വില്‍കിന്‍സ് ഓഡിയോ സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, അഡാസ് സുരക്ഷാ ഫീച്ചറുകള്‍ എന്നിവയും ഈ സ്‌പോര്‍ട് കാറിലുണ്ട്. വില 3.85-6 കോടി രൂപ.