Health

മൂത്രം ഒഴിക്കുമ്പോൾ രക്തം പോകുന്നുണ്ടോ? നിസാരമാക്കരുത്….അടിയന്തിരമായി ഡോക്ടറെ സമീപിക്കുക, രോ​ഗം ​ഗുരുതരമാണ്…| Glomerulonephritis kidney disease

വൃക്കയെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഗ്ലോമറുലോ നെഫ്രൈറ്റിസ്

വൃക്കയെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ് ഗ്ലോമറുലോ നെഫ്രൈറ്റിസ്. രക്തത്തിൽ നിന്ന് അമിതമുള്ള ഫ്ലൂയിഡിനെയും പാഴ്‌വസ്തുക്കളെയും അരിച്ചു മാറ്റുന്ന വളരെ ചെറിയ രക്തക്കുഴലുകളായ ഗ്ലോമെറുലിയെ ബാധിക്കുന്ന രോഗമാണിത്. വൃക്കമാറ്റിവയ്ക്കലോ ഡയാലിസിസോ ആവശ്യമായ 25 മുതൽ 30 ശതമാനം വരെ വൃക്കരോഗികളെയും ഇത് ബാധിക്കാം.

 ഗ്ലോമെറുലോ നെഫ്രൈറ്റിസ്
ഗ്ലോമെറുലോ നെഫ്രൈറ്റിസിനെ പ്രൈമറി എന്നും സെക്കണ്ടറി എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. വൃക്കയിലെ ഗ്ലോമെറുലയിലാണ് പ്രൈമറി ഗ്ലോമെറുലോ നെഫ്രൈറ്റിസ് ആരംഭിക്കുന്നത്.
അണുബാധകൾ, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, പ്രമേഹം പോലുള്ള മെറ്റബോളിക് രോഗങ്ങൾ തുടങ്ങിയ ഘടകങ്ങൾ സെക്കന്ററി ഗ്ലോമെറുലോ നെഫ്രൈറ്റിസിനു കാരണമാകും. വളരെ പെട്ടെന്ന്, ദിവസങ്ങളോ ആഴ്ചകളോ കൊണ്ട് ഈ രോഗം ഉണ്ടാകാം. ഇതിനെ അക്യൂട്ട് ഗ്ലോമെറുലോ നെഫ്രൈറ്റിസ് (Acute GN) എന്നു പറയും. മാസങ്ങളോ വർഷങ്ങളോ കൊണ്ട് ക്രമേണ ഉണ്ടാകുന്ന രോഗത്തെ ക്രോണിക് ഗ്ലോമെറുലോ നെഫ്രൈറ്റിസ് (Chronic GN) എന്നു വിളിക്കും. കൃത്യസമയത്ത് കണ്ടെത്തി ചികിത്സ തേടിയില്ലെങ്കിൽ ഇത് ഇഎസ്കെഡി യിലേക്ക് നയിക്കില്ല. ചികിത്സിച്ചില്ലെങ്കിൽ ക്രോണിക് ജിഎൻ ഉള്ള രോഗികൾക്ക് എൻഡ്സ്റ്റേജ് കിഡ്നി ഡിസീസ് അഥവാ എസ്കെഡി ഉണ്ടാകാനുള്ള സാധ്യത 50 ശതമാനമാണെന്ന് കിഡ്നി ഇന്റർനാഷണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ലക്ഷണങ്ങൾ
∙മൂത്രത്തിൽ രക്തം (Hematuria)
ഗ്ലോമെറുലോ നെഫ്രൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ഹെമറ്റ്യൂറിയ. മൂത്രത്തിൽ രക്തം കലർന്ന് പിങ്കോ ബ്രൗൺ നിറത്തിലോ കാണപ്പെടും.

∙മൂത്രത്തിൽ പ്രോട്ടീൻ (Proteinuria)
ഗ്ലോമെറുലയ്ക്കുണ്ടാകുന്ന തകരാറ് മൂലം മൂത്രത്തിലേക്ക് പ്രോട്ടീൻ ലീക്ക് ചെയ്യും. മൂത്രം പത പോലെയോ കുമിളകളായോ കാണപ്പെടും.

∙ഉയർന്ന രക്തസമ്മര്‍ദം
സോൾട്ട്– വാട്ടർ റിറ്റൻഷന് ഗ്ലോമെറുലോ നെഫ്രൈറ്റിസ് കാരണമാകും. ഇത് ഹൈപ്പർടെൻഷൻ അഥവാ രക്താതിമർദത്തിലേക്ക് നയിക്കും. ഗ്ലോമെറുലോ നെഫ്രൈറ്റിസ് ബാധിച്ചവരിൽ 70 ശതമാനം പേർക്കും ഉയർന്ന രക്തസമ്മർദം ഉണ്ടാകും എന്ന് ഹൈപ്പർ ടെൻഷൻ റിസർച്ച് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

∙ക്ഷീണം
വൃക്കയുടെ പ്രവർത്തനം തകരാറിലാകുമ്പോൾ രക്തത്തില്‍ വിഷാംശം അടിഞ്ഞുകൂടും. ഇത് കടുത്ത ക്ഷീണത്തിലേക്ക് നയിക്കും. ഈ ലക്ഷണങ്ങളെല്ലാം വളരെ സൂക്ഷ്മവും പെട്ടെന്നും ആകും ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ പതിവായ വൈദ്യപരിശോധന നടത്തേണ്ടത് പ്രധാനമാണ്.

കാരണങ്ങൾ
∙അണുബാധകൾ 
തൊണ്ടയ്ക്കോ ചർമത്തിനോ ഉണ്ടാകുന്ന അണുബാധകൾ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി തുടങ്ങിയവ ഗ്ലോമെറുലോ നെഫ്രൈറ്റിസിനുള്ള സാധ്യത കൂട്ടും.

∙ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ
ല്യൂപ്പസ്, ഗുഡ്പേസ്ചർ സിൻഡ്രോം തുടങ്ങിയ അവസ്ഥകൾ ഗ്ലോമെറുലിയെ ബാധിക്കും. ഇത് ഇൻഫ്ലമേഷനും ക്ഷതത്തിനും കാരണമാകും.

∙ഐജിഎ നെഫ്രോപ്പതി
ക്രോണിക് ഗ്ലോമെറുലോ നെഫ്രൈറ്റിസ് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത് ഐജിഎ (IgA). പ്രോട്ടീൻ വളരെ കൂടിയ അളവിൽ വൃക്കകളിൽ അടിഞ്ഞു കൂടി ഇൻഫ്ലമേഷൻ ഉണ്ടാക്കും.

∙പാരമ്പര്യഘടകങ്ങളും വാസ്കുലൈറ്റിസും
അൽപോർട്ട് സിൻഡ്രോം അല്ലെങ്കിൽ രക്തക്കുഴലുകളുടെ വീക്കം ഗ്ലോമെറുലോ നെഫ്രൈറ്റിസിനും വൃക്കത്തകരാറിനും കാരണമാകും.

∙വൈകിയുള്ള രോഗനിർണയം
ഐജിഎ നെഫ്രോപ്പതി പോലുളളവ വളരെ സാവധാനത്തിൽ മാത്രമേ ഡെവലപ്പ് ചെയ്യുകയുള്ളൂ മാത്രമല്ല അവസാനഘട്ടങ്ങളിൽ മാത്രമാവും രോഗം തിരിച്ചറിയപ്പെടുന്നത്.

∙അനിയന്ത്രിതമായ രക്തസമ്മർദം
ഉയർന്ന രക്തസമ്മർദവും അമിതമായ പ്രോട്ടീൻ നഷ്ടവും വൃക്കത്തകരാറിനു കാരണമാകും.

∙അനുബന്ധ രോഗങ്ങൾ 
പ്രമേഹം, പുകവലി, ഹൃദ്രോഗം തുടങ്ങിയവ വൃക്കത്തകരാർ വേഗത്തിലാക്കും.
നാൽപതു ശതമാനത്തോളം ഇഎസ്കെഡി കേസുകളും സമയത്ത് നിയന്ത്രിക്കാൻ സാധിച്ചിരുന്നെങ്കിൽ തടയാമായിരുന്നു എന്ന് ജേണൽ ഓഫ് ദി അമേരിക്കൻ സൊസൈറ്റി ഓഫ് നെഫ്രോളജി പറയുന്നു.

ഗ്ലോമെറുലോ നെഫ്രൈറ്റിസ് എങ്ങനെ തടയാം?

∙പതിവായ പരിശോധന
പതിവായി മൂത്രവും രക്തവും പരിശോധിക്കേണ്ടത് പ്രധാനമാണ്. പ്രോട്ടീന്യൂറിയ അല്ലെങ്കിൽ ഹെമറ്റ്യൂറിയ നേരത്തെ തിരിച്ചറിഞ്ഞാൽ രോഗം തടയാൻ സാധിക്കും.

∙ചികിത്സ
അണുബാധകളും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും കണ്ടെത്തി ചികിത്സ തേടേണ്ടത് പ്രധാനമാണ്.

∙രക്തസമ്മർദം നിയന്ത്രിക്കാം
രക്തസമ്മർദം നിയന്ത്രിച്ചു നിർത്തുന്നത് രോഗം മൂർച്ഛിക്കുന്നതു തടയും.

∙ജീവിതശൈലി മാറ്റം
വൃക്കസൗഹൃദ ഭക്ഷണക്രമം പിന്തുടരാം അതായത് സോഡിയം, പൊട്ടാസ്യം, പ്രോട്ടീൻ ഇവ കുറഞ്ഞ ഭക്ഷണങ്ങൾ ശീലമാക്കാം. ഒപ്പം പുകവലിയും മദ്യപാനവും പരിമിതപ്പെടുത്താം.

∙ഡയാലിസിസ്
ഇഎസ്കെഡി രോഗികൾക്ക് ഡയാലിസിസും വൃക്കമാറ്റിവയ്ക്കലും ജീവൻ രക്ഷിക്കാൻ ഉതകും. ശരിയായ ചികിത്സയിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാനാകും.

 content highlight: Glomerulonephritis kidney disease