ചുറ്റിലും പച്ചപ്പിന്റെ വശ്യത, കൊത്തിവച്ച ശിൽപങ്ങൾ പോലുള്ള പാറക്കൂട്ടങ്ങൾ, ചായം കലക്കിയതു പോലെ നീലക്കടൽ, വെളുത്ത മണൽ തരികൾ. പ്രകൃതി ഒരുക്കിയ ഈ സൗന്ദര്യക്കലവറ അങ്ങു ദൂരെയെങ്ങുമല്ല. നമ്മുടെ തൊട്ടടുത്ത് കർണാടകയിലെ ഉഡുപ്പി മൽപെയിലാണ് അപൂർവമായ ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
അപൂർവ കാഴ്ചയുടെ വിരുന്നൊരുക്കുന്നതിനൊപ്പം സാഹസികത നിറഞ്ഞതാണ് സെന്റ് മേരീസിലേക്കുള്ള യാത്ര. മൽപെ ഹാർബറിൽ നിന്ന് ഇരുപത് മിനിറ്റ് ബോട്ട് യാത്ര നടത്തിയാൽ ഈ മനോഹര തീരത്ത് എത്താം. ശിൽപം പോലുള്ള പാറകൾ ബോട്ട് ഇറങ്ങിയാൽ തെങ്ങിൻ തോപ്പുകളാണ് സ്വാഗതം ചെയ്യുക. കടഞ്ഞെടുത്ത ശിൽപങ്ങൾ പോലുള്ള പാറക്കൂട്ടങ്ങളാണ് അറബിക്കടലിലെ ഈ അദ്ഭുത ദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത.
85 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് അഗ്‌നിപർവതം പൊട്ടി ഒഴുകി എത്തിയ ലാവാ പ്രവാഹം കുഴികളിൽ ശേഖരിക്കപ്പെടുകയും ലാവ തണുത്ത് മനോഹരമായ കല്ലുകളായി രൂപാന്തരപ്പെടുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അംഗീകരിച്ച ഭൗമശാസ്ത്ര സ്മാരകങ്ങളുടെ പട്ടികയിൽ സെന്റ് മേരീസ് ഐലൻഡിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
നാലു ദ്വീപുകളുടെ കൂട്ടം നാലു ചെറു ദ്വീപുകളുടെ സമൂഹമാണ് സെന്റ് മേരീസ് ഐലൻഡ്. 1498–ൽ വാസ്കോ ഡി ഗാമ കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ കണ്ടെത്തിയതാണ് ഈ ദ്വീപെന്ന് ചരിത്രം. മൽപെ തീരത്തു നിന്ന് ആറു കിലോമീറ്റർ കടലിലെ ബോട്ട് യാത്ര ഏറെ രസകരമാണ്. ചുറ്റിലും കടൽ ഇരമ്പിയാർക്കുമ്പോഴും പാട്ടും നൃത്തവുമായി ആസ്വദിക്കുകയായിരിക്കും യാത്രക്കാർ മിക്കപ്പോഴും.
കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും അനുയോജ്യമായ ഇടമാണ് കടലിന് നടുവിലെ ഈ അദ്ഭുത ദ്വീപ്. മംഗളൂരുവിൽ നിന്നു 58 കിലോമീറ്റർ യാത്ര ചെയ്താൽ മൽപെയിൽ എത്താം. ഉഡുപ്പി ടൗണിൽ നിന്നു നാലു കിലോമീറ്റർ മാത്രം അകലെയാണ് മൽപെ തീരം. സെപ്റ്റംബർ മുതൽ മേയ് വരെയാണ് സെന്റ് മേരീസ് ഐലൻഡ് സന്ദർശനത്തിന് അനുയോജ്യമായ സമയം.