കുടുംബവഴക്ക്; ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി മരുമകന്‍; അമ്മായിയമ്മയും മരുമകനും മരിച്ചു | son in law sets fire to mother in law

മുമ്പും മനോജ് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു

കോട്ടയം: പാലായില്‍ ഭാര്യയുടെ അമ്മയെ മരുമകന്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. പൊള്ളലേറ്റ് അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിര്‍മ്മല (60), മരുമകന്‍ മനോജ് (42) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിര്‍മ്മല വീട്ടില്‍ ഇരിക്കുമ്പോഴാണ് മരുമകന്‍ മനോജ് എത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നത്.

തീ ആളിയതോടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇരുവരും ഇന്നു രാവിലെയാണ് മരിച്ചത്. മുമ്പും മനോജ് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.