നിലമ്പൂർ: വീട് വാഗ്ദാനം ചെയ്തു എന്‍.സി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുല്ല തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി ട്രാന്‍സ് വുമണ്‍. മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ ട്രാൻസ്ജെൻഡർ ആണ് പരാതി നൽകിയത്. എന്നാൽ പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് പരാതി. എൻ.സി.പി അജിത് പവാര്‍ വിഭാഗം പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി മലപ്പുറം കാളികാവ് സ്വദേശി റഹ്മത്തുള്ളക്കെതിരെയാണ് പരാതി.
വീട് വയ്ക്കാൻ സഹായം വാഗ്ദാനം ചെയ്ത് റഹ്മത്തുള്ള പാലക്കാട് മണ്ണാര്‍ക്കാടുള്ള ഒരു സ്വകാര്യ ലോഡ്ജിലെത്തിച്ച് തന്നെ പീഡിപ്പിച്ചെന്നാണ് ട്രാൻസ്ജെൻഡറുടെ പരാതി. സഹായിക്കാമെന്ന് പറഞ്ഞാണ് വിളിച്ച് വരുത്തിയത്. ഉപദ്രവിക്കുമെന്ന് അറിയില്ലായിരുന്നെന്ന് ട്രാൻസ്ജെൻഡർ പറയുന്നു. 2021 ആഗസ്റ്റിലാണ് സംഭവം. മലപ്പുറം എസ്പിക്കും മണ്ണാര്‍ക്കാട് പൊലീസിലുമാണ് പരാതി നല്‍കിയിക്കുന്നത്. ഒരു മാസം മുമ്പ് കേസില്‍ എഫ്ഐആര്‍ ഇട്ടെങ്കിലും പ്രതിയെ പൊലീസ് പിടികൂടുന്നില്ലെന്ന് പരാതി നൽകിയ ട്രാൻസ് ജെൻഡൻ പറഞ്ഞു.
റഹ്മത്തുള്ളയെക്കുറിച്ച് കൂടുതല്‍ വിവരങ്ങൾ അറിയാത്തതിനാലാണ് താൻ പരാതി നല്‍കാൻ വൈകിയതെന്നാണ് ട്രാൻസ്ജെൻഡറുടെ വിശദീകരണം. എന്നാല്‍ ആരോപണം എൻ.സി.പി നേതാവ് റഹ്മത്തുള്ള നിഷേധിച്ചു. രാഷ്ട്രീയപരമായും വ്യക്തിപരമായും തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റഹ്മത്തുള്ള മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ആണെന്നും അതുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നുമാണ് മണ്ണാര്‍ക്കാട് പൊലീസ് പറയുന്നത്.