ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കി പുതുവർഷത്തിലെ ആദ്യ മാസത്തെ വിൽപനാ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ജനുവരിയിലെ കണക്കുകൾ പുറത്തുവിട്ടപ്പോൾ 2024 ജനുവരിയെ അപേക്ഷിച്ച് നാലു ശതമാനത്തിന്റെ വർധനവുണ്ടായതായി കമ്പനി അവകാശപ്പെടുന്നു. പുതിയ കണക്കുകൾ പ്രകാരം 212251 യൂണിറ്റുകളാണ് വിറ്റുപോയത്. മാരുതിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പ്രതിമാസ വിൽപനയാണിത്.
2024 ജനുവരിയിൽ 199364 വാഹനങ്ങളാണ് കമ്പനിയ്ക്ക് വിൽക്കാൻ സാധിച്ചത്. ആഭ്യന്തര വിപണിയിലെ വിൽപന കണക്കുകൾ പരിശോധിക്കുമ്പോൾ 173599 യൂണിറ്റുകളാണ് ഇന്ത്യയിലെ ജനപ്രിയ വാഹന നിർമാതാക്കൾക്ക് രാജ്യത്ത് വിൽക്കാൻ സാധിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ 166802 യൂണിറ്റുകളായിരുന്നുവത്. വാഹനങ്ങളുടെ കയറ്റുമതിയിലും മാരുതി സുസുക്കിക്ക് നേട്ടമുണ്ടാക്കിയ മാസമായിരുന്നു ജനുവരി.
27100 യൂണിറ്റുകൾ കഴിഞ്ഞ മാസത്തിൽ കയറ്റുമതി ചെയ്തപ്പോൾ 2023 ജനുവരിയിൽ 23932 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തതെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. നേട്ടങ്ങളുടെ മാസമായിരുന്നു കടന്നു പോയതെങ്കിലും ആൾട്ടോ, എസ്പ്രെസോ എന്നിവ ഉൾപ്പെടുന്ന മിനി സെഗ്മെന്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചെറിയ ഇടിവുണ്ടായിട്ടുണ്ട്. 2024 ജനുവരിയിൽ 15849 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് ഈ ജനുവരിയിൽ 14241 യൂണിറ്റുകളാണ് വിറ്റത്.
2025 ഫെബ്രുവരി ഒന്ന് മുതൽ മാരുതി സുസുക്കി വാഹനങ്ങളുടെ വിലയിൽ വർധനവ് വരുത്തിയിട്ടുണ്ട്.