പല വീട്ടമ്മമാരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പല്ലി ശല്യം. വീട്ടിലെ മുക്കിലും മൂലയിലും പല്ലിയെ കാരണം പൊറുതി മുട്ടിയിരിക്കുകയാണ്. എന്തെങ്കിലും ഭക്ഷണ സാധനം വച്ചാൽ അതിൽ പല്ലി വന്ന് നക്കുന്നതും അതുപോലെ കയറി ഇറങ്ങുന്നതുമൊക്കെ പലപ്പോഴും അരോചകമാണ്. വീട്ടിലെ ഊണ് മേശ, അലമാരകൾ, അടുക്കളയിലെ കബോർഡുകൾ തുടങ്ങി പല്ലികൾ വസിക്കാത്ത സ്ഥലങ്ങളില്ലെന്ന് തന്നെ പറയാം. വീട്ടിലെ പല്ലികളെ ഓടിക്കാൻ എളുപ്പത്തിലൊരു പാനീയം തയാറാക്കാം.
ആവശ്യമായ സാധനങ്ങൾ……
സവാള, വെളുത്തുള്ളി, ഗ്രാമ്പൂ, കുരുമുളക്, ബേക്കിംഗ് സോഡ, നാരങ്ങ നീര് എന്നിവയാണ്. സവാളയ്ക്കും വെളുത്തുള്ളിയ്ക്കും ഗ്രാമ്പൂവിനും നല്ല മണമുള്ളത് കൊണ്ട് തന്നെ ഇത് പല്ലികൾക്കും ഈച്ചകൾക്കുമൊക്കെ ഒരു പരിഹാര മാർഗമാണ്. ഇതിൻ്റെ മണം കാരണം ഇവയ്ക്ക് അധിക നേരം വസിക്കാൻ കഴിയില്ല. മാത്രമല്ല നാരങ്ങ നീരും ബേക്കിംഗ് സോഡയും ചേർന്നുണ്ടാകുന്ന റിയാക്ഷൻ ഇവറ്റകളെ തുരത്താൻ ഏറെ സഹായിക്കും.
തയാറാക്കാം………
ഇത് തയാറാക്കാനായി ഒരു സവാള ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് എടുക്കുക. ഇനി സവാളയും വെളുത്തുള്ളിയും കുറച്ച് ഗ്രാമ്പുവും ചേർത്ത് മിക്സിയിൽ നന്നായി അരച്ച് എടുക്കുക. ഈ മിശ്രിതം ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റുക. ഇനി ഇതിലേക്ക് 1 ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും കുറച്ച് കുരുമുളക് പൊടിയും ചേർത്ത് യോജിപ്പിക്കുക. അതിന് ശേഷം അവസാനമായി അൽപ്പം നാരങ്ങ നീരും ചേർക്കാം. ഇതെല്ലാം കൂടി നന്നായി യോജിപ്പിച്ച് എടുക്കുക. ഇപ്പോൾ കട്ടിയുള്ള ഒരു പേസ്റ്റായിരിക്കും ലഭിക്കുന്നത്. ഇനി ഈ പേസ്റ്റിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് ഇളക്കുക. കട്ടി കുറയ്ക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ വെള്ളം ചേർക്കുന്നത്. ഇനി ഇത് അരിച്ച് എടുക്കാം. ഉപയോഗിക്കാനായി ഇതൊരു സ്പ്രെ ബോട്ടിലിലേക്ക് ഒഴിക്കുക. അതിന് ശേഷം ഇത് എല്ലായിടത്തും സ്പ്രെ ചെയ്യാവുന്നതാണ്.
content highlights: Tip to avoid Lizards