കോഴിക്കോട്: മുക്കത്ത് ഹോട്ടല്‍ ജീവനക്കാരി കെട്ടിടത്തില്‍നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ ഹോട്ടലുടമ ദേവദാസിനെ പോലീസ് പിടികൂടിയത് എറണാകുളത്തേക്കുള്ള ബസില്‍നിന്ന്. ബസ് കുന്ദംകുളത്തെത്തിയപ്പോള്‍ ആണ് മുക്കം പോലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. പോലീസിനെ കബളിപ്പിക്കാന്‍ ദേവദാസ് കാര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചിരുന്നുവെന്നും താമരശ്ശേരി ഡി.വൈ.എസ്.പി എ.പി ചന്ദ്രന്‍ പറഞ്ഞു.
‘പോലീസ് അന്വേഷണത്തില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി. അന്വേഷണത്തില്‍ പാളിച്ച സംഭവിച്ചിട്ടില്ല. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ദേവദാസും കൂട്ടുപ്രതികളായ റിയാസും സുരേഷും ശനിയാഴ്ച്ച രാത്രി ഇരയുടെ താമസസ്ഥലത്ത് പോയതിന് ഡിജിറ്റല്‍ തെളിവുകളുണ്ട്. കൂട്ടുപ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
മാമ്പറ്റയിലെ ‘സങ്കേതം’ ഹോട്ടലുടമയായ ദേവദാസും ഹോട്ടല്‍ ജീവനക്കാരായ റിയാസും സുരേഷുമാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച്ച രാത്രി 11 മണിയോടെ ഹോട്ടലിന് അടുത്ത് യുവതി താമസിക്കുന്ന വീട്ടിലേക്ക് മൂന്നുപേരും അതിക്രമിച്ചെത്തുകയായിരുന്നു. പീഡനശ്രമം ചെറുക്കുന്നതിനിടെ വീടിന്റെ ഒന്നാം നിലയില്‍നിന്ന് യുവതി താഴേക്ക് ചാടി. ഇടുപ്പെല്ലിന് പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കള്‍ ഡിജിറ്റല്‍ തെളിവ് പുറത്തുവിട്ടിരുന്നു. യുവതി കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് തൊട്ടുമുമ്പ് ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്ന വീഡിയോയാണ് കുടുംബം പുറത്തുവിട്ടത്. യുവതി താമസിച്ചിരുന്ന സ്ഥലത്തേക്ക് ഹോട്ടല്‍ ഉടമയും ജീവനക്കാരും വരുമ്പോള്‍ യുവതി മൊബൈലില്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്നു. ഈ സമയത്ത് സ്‌ക്രീന്‍ റെക്കോഡായ വീഡിയോയാണ് ഡിജിറ്റല്‍ തെളിവായി കുടുംബം പുറത്തുവിട്ടത്.
ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അതിക്രമിച്ചു കടക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ദേവദാസ്, റിയാസ്, സുരേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.