Video

കേരളം ഈ രാജ്യത്തിൻറെ ഭാഗമല്ലേ? | JHON BRITTAS

കേരളത്തിന്റെ ദീർഘകാലത്തെ ഒരാവശ്യത്തോടും പ്രതികരിക്കാത്ത കേന്ദ്രബജറ്റ് സംസ്ഥാനത്തെ പൂർണ്ണമായും അവ​ഗണിച്ചെന്ന് ജോൺബ്രിട്ടാസ് എംപി. ബജറ്റിൽ കേരളത്തിന്റെ ആശങ്കകൾ പൂർണ്ണമായും അവഗണിക്കപ്പെട്ടുവെന്നും ബ്രിട്ടാസ് എടുത്തുപറഞ്ഞു. കേരളം ഉറ്റുനോക്കിയ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അടക്കം പദ്ധതികളൊന്നും കേന്ദ്രബജറ്റിലില്ല.

വയനാട് ദുരിതാശ്വാസത്തിനായി 2000 കോടിയുടെയും വന്യജീവി പ്രശ്നം പരിഹരിക്കാൻ 1000 കോടിയുടെയും പാക്കേജും രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും നൽക്കാൻ കേന്ദ്രം തയ്യാറായില്ല. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നതിന് പുറമേ പ്രകൃതിദുരന്തങ്ങളും നേരിട്ട് മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടത്.

എല്ലായിടത്തും വികസനം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദമെങ്കിലും ബജറ്റില്‍ പൂര്‍ണമായും അവഗണനയായിരുന്നുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭല്‍, അജ്മീര്‍ ദര്‍ഗ തുടങ്ങിയവ ഉദാഹരണമാണ്. ക്രിസ്ത്യന്‍ സമൂഹത്തിന് നേരെ 2024ല്‍ മാത്രം 834 ആക്രമണങ്ങളുണ്ടായി. ബജറ്റില്‍ കേരളത്തിന് ഒന്നും നല്‍കിയില്ല. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ കേരളവിരുദ്ധ പരാമര്‍ശം അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം പിന്നോക്കാവസ്ഥയിലേക്ക് പോയാല്‍ സഹായിക്കാമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. സുരേഷ് ഗോപിയുടെ ഉന്നതകുലജാത പരാമര്‍ശവും എംപി ചൂണ്ടിക്കാട്ടി.പ്രകൃതി ദുരന്തത്തിൽനിന്നും അതിജീവിക്കാനായി പൊരുതുന്ന വയനാടിനെ കേന്ദ്ര ബജറ്റിൽ പരിഗണിക്കാത്തത് ക്രൂരതയാണെന്നും കേന്ദ്ര സർക്കാരിന്റെ മനുഷ്യത്വ വിരുദ്ധ സമീപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലകളുടെ അധികാരം കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുത്തു. സര്‍വകലാശാലകളെ കേന്ദ്രം ഹൈജാക്ക് ചെയ്യുകയാണ്. രാജ്യം എങ്ങോട്ടാണ് പോകുന്നതെന്നും രാജ്യത്തിന്റെ വിദ്യാഭ്യാസം എങ്ങോട്ടാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു.

കേരളത്തിന്റെ നിർണായക ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതും സംസ്ഥാനത്തിന്റെ സാമ്പത്തിക യാഥാർത്ഥ്യങ്ങളോടുള്ള സർക്കാരിന്റെ അവഗണനയും ഊന്നിപ്പറഞ്ഞുകൊണ്ടാണ് ബ്രിട്ടാസ് ഉപസംഹരിച്ചത്. രാഷ്ട്രീയ കണക്കുകൂട്ടലുകളേക്കാൾ ജനങ്ങളുടെ ആവശ്യങ്ങളിൽ അധിഷ്ഠിതമാകണം നയങ്ങളെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Latest News