Kerala

രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്; ഹരികുമാറിന് മാനസികപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ | harikumar has no mental problems

രണ്ടു ദിവസം പ്രതിയെ ജയിലിൽ നിരീക്ഷിച്ചതിനുശേഷം പരിശോധനയുടെ റിപ്പോര്‍ട്ട് കോടതിയിൽ നൽകും

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ പ്രതിയായ അമ്മാവൻ ഹരികുമാറിന് മാനസികപ്രശ്നങ്ങളുള്ളതായി കരുതുന്നില്ലെന്ന് ഡോക്ടർമാർ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് പരിശോധന നടത്തിയത്.

വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ റൂറൽ എസ് പി ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞിരുന്നു. പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ കാരണം ഉള്‍പ്പെടെ വ്യക്തമാകുന്നതിന് വെല്ലുവിളിയായി മാറുകയാണെന്നും മാനസിക പ്രശ്നമുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്. ഇക്കാര്യം കോടതിയെയും അറിയിച്ചിരുന്നു.

തുടര്‍ന്നാണ് കോടതി മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ നിര്‍ദേശം നൽകിയത്. രണ്ടു ദിവസം പ്രതിയെ ജയിലിൽ നിരീക്ഷിച്ചതിനുശേഷം പരിശോധനയുടെ റിപ്പോര്‍ട്ട് കോടതിയിൽ നൽകും. ഇതിനിടെ, കുഞ്ഞിന്‍റെ അമ്മ ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.