പാലക്കാട്: പാലക്കാട് ജില്ലാ കളക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു. ഡോ. എസ്. ചിത്ര അവധിയിൽ പോയ ഒഴിവിലാണ് നിയമനം. സാമൂഹികനീതിവകുപ്പ് ഡയറക്ടറായിരുന്നു. കർണാടക സ്വദേശിയായ ജി. പ്രിയങ്ക 2017-ലാണ് ഐ.എ.എസ്. നേടിയത്.
ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ബിരുദധാരിയാണ്. ജെ.എൻ.യു.വിൽനിന്ന് പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. സോഫ്റ്റ്‌വേർ എൻജിനീയറായിരിക്കേയാണ് സിവിൽ സർവീസിലേക്ക് എത്തിയത്. സാമൂഹ്യ നീതി വകുപ്പ് – വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
കാര്‍ഷിക, വ്യവസായ, വിനോദസഞ്ചാര മേഖലകളില്‍ ജില്ലയുടെ വളര്‍ച്ചയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി ജില്ല കളക്ടർ പറഞ്ഞു. ‘ഇന്ന് പാലക്കാട് ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുകയാണ്. വേറിട്ട സംസ്കാരത്തിനും പൈതൃകത്തിനും പേരുകേട്ട കേരളത്തിന്‍റെ നെല്ലറയാണ് പാലക്കാട്. പ്രകൃതി രമണീയതയോടൊപ്പം കൃഷിയും വ്യവസായവും വിനോദസഞ്ചാരവും ഊർജ്ജിതമായി തുടരുന്ന ജില്ലയിൽ യാത്ര ആരംഭിക്കുമ്പോള്‍, പാലക്കാടന്‍ ജനതയുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു. നമുക്ക് ഒരുമിച്ച്, ശോഭനമായ ഭാവിക്കായി പ്രവര്‍ത്തിക്കാം’- കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.