സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂട്രാസ്യൂട്ടിക്കല്‍സ് (സി.ഒ.ഇ.എന്‍) ന്റെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ കേന്ദ്രത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഡോ. കെ.പി. സുധീറും മുഖ്യ ശാസ്ത്രജ്ഞയായ ഡോ. റൂബി ജോണ്‍ ആന്റോയും ചേര്‍ന്നാണ് ലോഗോ മുഖ്യമന്ത്രിക്ക് കൈമാറിയത്. 2022-23ലെ സംസ്ഥാന ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച സി.ഒ.ഇ.എന്‍. നിലവില്‍ തോന്നയ്ക്കലിലെ ബയോ360 ലൈഫ് സയന്‍സ് പാര്‍ക്കിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്റ്റ് വൈറോളജി (IAV) കാമ്പസിലാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിച്ചത്. ശരീരത്തിന് രോഗനിവാരകമോ രോഗപ്രതിരോധകമോ ആരോഗ്യ സംരക്ഷകമോ ആയ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന പ്രകൃതിജന്യമായ പോഷകങ്ങളാണ് ന്യൂട്രാസ്യൂട്ടിക്കലുകള്‍.
ഇവയുടെ ഗുണങ്ങള്‍ വിലയിരുത്തുകയും, ജൈവ സുരക്ഷ ഉറപ്പാക്കുകയും അനുയോജ്യമായവയെ വാണിജ്യവല്‍ക്കരിച്ചു ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് കേരള സര്‍ക്കാരിന്റെ പുതിയ സംരംഭമായ സെന്റര്‍ ഓഫ് എക്‌സെല്ലെന്‍സ് ഇന്‍ ന്യൂട്രാസ്യൂട്ടിക്കല്‍സിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേക ലബോറട്ടറികള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര ആരോഗ്യ വെല്ലുവിളികളായ ജീവിതശൈലീ രോഗങ്ങളെ നേരിടുന്നതിന് ന്യൂട്രാസ്യൂട്ടിക്കലുകളെ ഗവേഷണത്തിനും വ്യവസായത്തിനും ഇടയിലുള്ള വിടവ് നികത്തി ഒരു ഗവേഷണ വ്യവസായ ഇന്റര്‍ഫേസ് സ്ഥാപിക്കാനും ഈ കേന്ദ്രം ലക്ഷ്യമിടുന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനും ശാസ്ത്രജ്ഞരും ചടങ്ങില്‍ സന്നിഹിതരായി.
ശരീരത്തിന് രോഗ നിവാരകമോ രോഗ പ്രതിരോധകമോ ആരോഗ്യ സംരക്ഷകമോ ആയ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന നിരവധി പോഷകങ്ങള്‍ നമ്മുടെ പ്രകൃതി വിഭവങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പോഷകങ്ങളെയാണ് ‘ന്യൂട്രാസ്യൂട്ടിക്കല്‍സ്’ എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്. പ്രത്യേക പോഷക ഗുണങ്ങളുള്ള ഇവ, സാധാരണ ഭക്ഷണ വസ്തുക്കളേക്കാള്‍ കൂടുതല്‍ ആരോഗ്യ ഗുണങ്ങളുള്ളവയാണ്.
പ്രവര്‍ത്തനക്ഷമമായ ഭക്ഷണങ്ങള്‍ (പരമ്പരാഗത ഭക്ഷണങ്ങളോട് സാമ്യമുള്ളതും, എന്നാല്‍ നല്ല ശാരീരിക ഗുണങ്ങളുള്ളതുമായ ഉല്‍പ്പന്നങ്ങള്‍), ഭക്ഷണ സപ്ലിമെന്റുകള്‍ (പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍), പ്രകൃതിദത്ത ഉറവിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നവ, രോഗ പ്രതിരോധകങ്ങളായ മിശ്രിതങ്ങള്‍, ശുദ്ധമായ സംയുക്തങ്ങള്‍ എന്നിങ്ങനെ വിശാലമാണ് ന്യൂട്രാസ്യൂട്ടിക്കലുകളുടെ ലോകം.
പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നതിനാലും പ്രകൃതിജന്യ വസ്തുക്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നവ ആയതിനാലും പൊതുജനങ്ങള്‍ക്കിടയില്‍ ഇവയ്ക്ക് സ്വീകാര്യത ഏറെയാണ്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും ചില രോഗാവസ്ഥകളിലേക്കുള്ള സംവേദനക്ഷമത കുറയ്ക്കുന്നതിലും ന്യൂട്രാസ്യൂട്ടിക്കലുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രമേഹം, അലര്‍ജി, അല്‍ഷിമേഴ്സ്, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, നേത്രരോഗങ്ങള്‍, പാര്‍ക്കിന്‍സണ്‍സ്, അമിതവണ്ണം തുടങ്ങിയവയ്ക്കെതിരെയും ന്യൂട്രാസ്യൂട്ടിക്കല്‍സ് ഉപയോഗിക്കാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.
CONTENT HIGH LIGHTS; Center of Excellence in Nutraceuticals Logo Launched by Chief Minister: What is Nutraceuticals ?