പത്തനംതിട്ട: വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകള്‍ അടക്കമുള്ളവരെ ആളുമാറി മര്‍ദിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് സസ്പെൻഷൻ. പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ. എസ്.ജിനുവിനും മറ്റ് രണ്ട് പോലീസുകാര്‍ക്കുമാണ് സസ്പെൻഷൻ. ഡിഐജി അജിതാ ബീഗമാണ് സസ്പെൻഡ് ചെയ്തത്.
ജിനുവിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ മർദിച്ച സംഭവത്തിൽ പത്തനംതിട്ട എസ്.ഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എസ്.ഐ ജിനുവും സംഘവും ആളു മാറിയാണ് കുടുംബത്തെ തല്ലിയതെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ. എസ്.ജിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ത്രീകളടക്കമുള്ളവരെ ആളുമാറി മര്‍ദിച്ചത്. ലാത്തി കൊണ്ട് ഓടിച്ചിട്ടടിച്ചെന്നും നിലത്തുവീണിട്ടും മര്‍ദിച്ചെന്നുമാണ് പരാതി. ചൊവ്വാഴ്ച രാത്രി 11.30-ഓടെ പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം.
കൊല്ലത്ത് വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്ക് മടങ്ങുകയായിരുന്ന സംഘത്തിന് നേരെയാണ് പത്തനംതിട്ടയില്‍ കഴിഞ്ഞദിവസം പോലീസിന്റെ അതിക്രമമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന ഒരാളെ ഇറക്കാനായാണ് വിവാഹസംഘം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപം വാഹനം നിര്‍ത്തിയിരുന്നത്. ഈ സമയത്താണ് സമീപത്തെ ബാറിന് മുന്നില്‍ ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന വിവരമറിഞ്ഞ് പോലീസ് സംഘമെത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ആളുമാറി വിവാഹസംഘത്തിലുള്ളവരെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു.
പോലീസ് അതിക്രമത്തില്‍ കോട്ടയം സ്വദേശിനി സിതാര അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. സിതാരയുടെ കൈയ്ക്കും തോളെല്ലിനുമാണ് പരിക്ക്. മറ്റൊരാളുടെ തലയ്ക്കും പരിക്കുണ്ട്. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.