Travel

ലോക വൈദ്യശാസ്ത്ര ചരിത്രത്തി ‘ടൈഫോയ്ഡ‍് മേരി’ താമസിച്ച നദീദ്വീപ്; ഇന്ന് പ്രകൃതിയുടെ സ്വർഗം | typhoid-mary-north-brother-island

അയർലൻഡില്‍ ജനിച്ച മേരി കുടിയേറി യുഎസിൽ വന്നതാണ്

ലോക വൈദ്യശാസ്ത്ര ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തപ്പെട്ട ഒരു പേരാണ് ‘ടൈഫോയ്ഡ് മേരി’. അതിനൊപ്പം ഓർമകളിൽ ചേർത്തുവയ്ക്കുന്ന ഒരു സ്ഥലവുമുണ്ട്. നോർത്ത് ബ്രദർ ദ്വീപ്. ‘ടൈഫോയിഡ് മേരി’യും ഈ ദ്വീപും തമ്മിലുള്ള ബന്ധമെന്താണ്? ടൈഫോയ്ഡിന്റെ ലക്ഷണങ്ങളൊന്നുമില്ലാത്ത വാഹകയായിരുന്നു മേരി. ‘അസിംപ്റ്റൊമാറ്റിക് കാരിയർ’ എന്നു വൈദ്യശാസ്ത്രം വിശേഷിപ്പിച്ച ഈ അവസ്ഥ മേരിയുടെ ജീവിതത്തെ തീർത്തും ദുസ്സഹവും നിർഭാഗ്യപൂർണവും ആക്കി മാറ്റി. വൈദ്യശാസ്ത്രത്തിലെ സമാനതകളില്ലാത്ത ഒരുദാഹരണമായി അവർ വിശേഷിപ്പിക്കപ്പെടുന്നു. 53 പേർക്ക് രോഗം പരത്തിയ മേരി 3 മരണങ്ങൾക്കും കാരണമായി. അയർലൻഡില്‍ ജനിച്ച മേരി കുടിയേറി യുഎസിൽ വന്നതാണ്.

1900 മുതൽ 1907 വരെയുള്ള സമയത്ത് മേരി ജോലി ചെയ്തിരുന്ന വീടുകളിൽ 24 പേർക്ക് ടൈഫോയ്ഡ് രോഗബാധയുണ്ടായി. ന്യൂയോർക്കിലും ലോങ് ഐലൻഡിലുമായായിരുന്നു ഇത്. ഇതോടെയാണ് മേരിയുടെ ജീവിതം എന്നന്നേക്കുമായി കീഴ്മേൽ മറിഞ്ഞത്.1906 ൽ ന്യൂയോർക്കിലെ ഓയ്സ്റ്റർ ബേയിലുള്ള സമ്പന്ന കുടുംബത്തിലെ ആറു പേർക്ക് ടൈഫോയ്ഡ് ബാധയുണ്ടായി. എത്ര ആലോചിച്ചിട്ടും രോഗം എവിടെ നിന്നാണു വന്നതെന്നു കണ്ടെത്താൻ വീട്ടുകാർക്കായില്ല. തുടർന്ന് അവർ ജോർജ് സോപർ എന്ന പകർച്ചവ്യാധി വിദഗ്ധനെ നിയമിച്ചു. പകർച്ചവ്യാധികളെക്കുറിച്ച് ധാരാളം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുള്ള സോപർ ഈ മേഖലയിലെ ഒരു പ്രശസ്തനായിരുന്നു.

1907ൽ മാൻഹട്ടനിലെ ഒരു വീട്ടിൽ മേരി ജോലിക്കു ചേർന്നു. ഇവിടെ താമസിയാതെ തന്നെ കുറച്ചുപേർ ടൈഫോയ്ഡ് ബാധിച്ച് ആശുപത്രിയിലായി. ഇതിന്റെ കാരണമന്വേഷിച്ചെത്തിയ സോപർ യാദൃശ്ചികമായി മേരിയെ വീട്ടിൽ കണ്ടു. ഓയ്സ്റ്റർ ബേ സംഭവവുമായി ബന്ധപ്പെട്ട് മേരിയെ പരിചയമുള്ള സോപറിന്റെ ഉള്ളിൽ സംശയം ഉടലെടുക്കാൻ ആ കൂടിക്കാഴ്ച വഴിയൊരുക്കി. പിന്നീട് നടത്തിയ പരിശോധനകളിലാണ് മേരിയുടെ രോഗാവസ്ഥ തെളിഞ്ഞത്. ചെറിയ ഒരു പനി പോലും മേരിക്കുണ്ടായിരുന്നില്ല. അതിനാൽ തന്നെ തനിക്ക് ടൈഫോയ്ഡുണ്ടെന്ന് മേരി കരുതിയിരുന്നില്ല.

1915 മാർച്ച് 27നു ന്യൂയോർക്കിനു സമീപമുള്ള നോർത്ത് ബ്രദർ ദ്വീപിലെ പ്രത്യേക കേന്ദ്രത്തിൽ അവർ ക്വാറന്റീനു പ്രവേശിപ്പിക്കപ്പെട്ടു. ആ ക്വാറന്റീൻ 1938ൽ അവർ സ്ട്രോക്ക് ബാധിച്ചു മരിക്കുന്നതു വരെ തുടർന്നു. ഏകദേശം കാൽ നൂറ്റാണ്ടോളം. തന്റേതല്ലാത്ത കാരണത്തിന് ജീവിതത്തിന്റെ നല്ലൊരു പങ്ക് തടവറയിൽ കഴിയേണ്ടി വന്ന ‘ടൈഫോയ്ഡ് മേരി’ ലോകവൈദ്യശാസ്ത്ര ചരിത്രത്തിലെ നോവുപേറുന്ന ഒരു ഓർമയാണ്. അതുപോലെ ഒരു ഓർമയാണ് നോർത്ത് ബ്രദർ ദ്വീപും. ഈ ദ്വീപിലെ കുപ്രസിദ്ധമായ ആ ടൈഫോയ്ഡ് ആശുപത്രി ഇന്ന് പ്രവർത്തിക്കുന്നില്ല. ആ കെട്ടിടത്തെ കാടു മൂടിയിരിക്കുന്നു. ന്യൂയോർക്കിലെ ഈസ്റ്റ് നദിയിലാണ് ഈ ദ്വീപുള്ളത്. ടൈഫോയ്ഡ് മാത്രമല്ല, ടിബി, വസൂരി, ക്ഷയം തുടങ്ങിയ അസുഖങ്ങളുള്ളവരെയും ഇവിടെയെത്തിച്ചിരുന്നു. 20 ഏക്കറുണ്ട് ഈ ദ്വീപ്, ഇതിനു സമീപത്തായി സൗത്ത് ബ്രദർ ഐലൻഡ് എന്ന മറ്റൊരു ദ്വീപുമുണ്ട്. ഇന്ന് നോർത്ത് ബ്രദർ ദ്വീപിൽ മനുഷ്യവാസമില്ല. ഇംഗ്ലിഷ് ഐവി, കുഡ്സു തുടങ്ങിയ മരങ്ങൾ ഇവിടെ തഴച്ചുവളരുന്നു. ഗൾ, ഹെറോൺ തുടങ്ങി അനേകം കടൽപ്പക്ഷികളാണ് ഈ ദ്വീപ്.

STORY HIGHLIGHTS:  typhoid-mary-north-brother-island