സമുദ്രങ്ങളിൽ ചൂട് കൂടുന്നത് റെക്കോർഡ് വേഗത്തിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ 40 വർഷത്തിനിടെ സമുദ്രതാപനം നാലിരട്ടിയിലധികം വർധിച്ചിട്ടുണ്ടെന്ന് എൻവയോൺമെന്റൽ റിസർച്ച് ലെറ്റേഴ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഭാവിയിൽ ഇതിന്റെ വേഗത കൂടുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. 1980 കളിൽ സമുദ്രോപരിതല ചൂട് 0.06 ഡിഗ്രി സെൽഷ്യസ് ആയിരുന്നത് ഇപ്പോൾ 0.27 ഡിഗ്രി സെൽഷ്യസ് ആയി വർധിച്ചു. അടുത്ത 20 വർഷത്തിനുള്ളിൽ ഇതിന്റെ അളവ് വീണ്ടും വർധിക്കുമെന്നും ഗവേഷകർ പറയുന്നു. ഭൂമിയിൽ ആഗോളതാപനത്തിന്റെ വേഗത നിർണയിക്കുന്നത് സമുദ്രങ്ങളാണ്. സമുദ്ര താപനം വേഗത്തിൽ ആണെങ്കിൽ കാലാവസ്ഥാ വ്യതിയാനവും വേഗത്തിൽ ആണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് യുകെ റീഡിങ് യൂണിവേഴ്സിറ്റിയിലെ സമുദ്ര-ഭൂമി നിരീക്ഷണ പ്രഫസറായ ക്രിസ്റ്റഫർ മർച്ചന്റ് പറഞ്ഞു.
നിയന്ത്രണാതീതമായ കാലാവസ്ഥാ വ്യതിയാനം കോടിക്കണക്കിന് ആളുകളെ ദുരന്തത്തിലേക്ക് നയിക്കും. ഭൂമിയിലെ മൂന്നിലൊന്ന് ജീവിവർഗങ്ങൾക്കും വംശനാശം ഉണ്ടാകുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. ഭൂമിയിലെ ചൂട് വർഷംതോറും കൂടുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് സമുദ്ര താപനിലയിലെ വർധനവെന്നാണ് വിലയിരുത്തൽ. ഹരിതഗൃഹ വാതകങ്ങൾ മൂലമുണ്ടാകുന്ന ചൂടിന്റെ 90 ശതമാനവും സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്. സമുദ്രങ്ങളിലെ ചൂട് വർധിക്കുന്നത് പ്രളയം, വരൾച്ച, കാട്ടുതീ, ജലനിരപ്പ് ഉയരുന്നത് എന്നിവക്ക് കാരണമാകും. സമുദ്രതാപനം കൂടുതൽ വേഗത്തിൽ കുറയ്ക്കുന്നതിന് ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെപറ്റി പഠനം ഊന്നിപ്പറയുന്നു.
കാലാവസ്ഥയെ സ്ഥിരപ്പെടുത്തുന്നതിനും ചൂടിന്റെ വേഗത കുറയ്ക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുകയും മറ്റു അടിയന്തര നടപടികൾ സ്വീകരിക്കുകയും വേണം. 2023 ലും 2024 ലും ആഗോള സമുദ്ര താപനില റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമായ എൽനിനോയും താപനില വർധിക്കാൻ കാരണമായി. കഴിഞ്ഞ 40 വർഷത്തിനിടയിൽ ഉണ്ടായ സമുദ്ര താപനിലയിലെ വർധനവ് അടുത്ത 20 വർഷം കൊണ്ട് തന്നെ മറികടക്കുമെന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങൾ പരിഹരിക്കുകയും ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറുകയും ചെയ്തില്ലെങ്കിൽ ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥയിലും കാലാവസ്ഥാ രീതികളിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാവും നേരിടേണ്ടി വരിക.
STORY HIGHLIGHTS: