Kerala

ഓഫര്‍ തട്ടിപ്പ്; അനന്തു കൃഷ്ണന്‍റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: ഓഫർ തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണന്‍റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഇന്നോവ ക്രിസ്റ്റോ അടക്കം മൂന്നു കാറുകളാണ് പിടിച്ചെടുത്തത്. അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചു. തട്ടിപ്പിലൂടെ ഇടുക്കിയിൽ വാങ്ങിക്കൂട്ടിയ കോടികളുടെ ഭൂസ്വത്തുക്കൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇവയാണ് കണ്ടുകെട്ടുക.

അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. വിശദമായ ചോദ്യം ചെയ്യലിന് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ ആവശ്യം. അതിനിടെ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി അനന്തു കൃഷ്ണനുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് പരിശോധന. തട്ടിപ്പിന്‍റെ ഭാഗമായി അനന്തു കൃഷ്ണൻ രൂപീകരിച്ച ട്രസ്റ്റിലെ അംഗമാണ് ആനന്ദകുമാർ.