കളമശേരി: മാവേലി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് വകുപ്പിലെ ലൈബ്രറി അസിസ്റ്റന്റ് തിരുവനന്തപുരം കാഞ്ഞിരംകുളം ബഥേൽ ഭവനിൽ വി.അജികുമാറിനെ (54) 2 മാസത്തിനു ശേഷം സർവകലാശാല സസ്പെൻഡ് ചെയ്തു. മുൻകാല പ്രാബല്യത്തോടെ 2024 ഡിസംബർ 2 മുതൽ സസ്പെൻഡു ചെയ്തതായിട്ടാണ് ഈ മാസം 3ന് സർവകലാശാല ഉത്തരവിറക്കിയത്.
കുസാറ്റ് ജീവനക്കാരന്റെ ഭാഗത്തു നിന്നുണ്ടായതു ഗുരുതരമായ സ്വഭാവദൂഷ്യമാണെന്നും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും റെയിൽവേ പൊലീസ് സൂപ്രണ്ട് കുസാറ്റ് റജിസ്‌ട്രാറെ സംഭവം നടന്നതിന്റെ പിറ്റേദിവസം അറിയിച്ചിരുന്നു. വി.അജികുമാറിനെ അറസ്റ്റ് ചെയ്തതിന്റെയും കോടതി റിമാൻഡ് ചെയ്തതിന്റെയും രേഖകളും റെയിൽവേ പൊലീസ് കൈമാറിയിരുന്നു. അജികുമാറിന്റെ കസ്റ്റഡി കാലാവധി സംബന്ധിച്ചു വ്യക്തതയില്ലെന്നു കാണിച്ചു സർവകലാശാല നടപടികൾ നീട്ടിക്കൊണ്ടുപോയി.
അജികുമാർ 48 മണിക്കൂറിലധികം ആലപ്പുഴ സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്നതായി റെയിൽവേ പൊലീസ് സർവകലാശാലയെ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് രാത്രി 10.30ന് മാവേലി എക്സ്പ്രസിൽ ഹരിപ്പാടിനും അമ്പലപ്പുഴയ്ക്കും ഇടയിൽ ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്തിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.