India

രാജ്യ തലസ്ഥാനം ആര് ഭരിക്കും? ആത്മവിശ്വാസത്തിൽ ബിജെപി, പ്രതീക്ഷ കൈവിടാതെ എഎപി

ഡല്‍ഹി: ഡൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകൾ കൂടി അനുകൂലമായതോടെ തികഞ്ഞ ആത്മവിശ്വാസത്തിൽ ബിജെപി. എക്സിറ്റ് പോളുകളെ തള്ളുമ്പോഴും ആശങ്കയിലാണ് ആം ആദ്മി പാർട്ടി. പാർട്ടിയുടെ പ്രധാന ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർന്നു എന്നാണ് വിലയിരുത്തൽ.

27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും പ്രവചിച്ചത്. ഡൽഹി നിയമസഭയിൽ 70 സീറ്റുകളാണുള്ളത്. സർക്കാരിനായി വേണ്ടത് 36. ഓരോ നിയമസഭ മണ്ഡലങ്ങളിലേയും ബൂത്തുകൾ തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുകയാണ് പാർട്ടികൾ. എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പുകൾ.

എക്സിറ്റ് പോൾ ഫലങ്ങളിൽ ആശങ്കയുണ്ടെങ്കിലും ആത്മവിശ്വാസം കൈവിടണ്ട എന്നതാണ് ആം ആദ്മി പാർട്ടി നിലപാട്. അരവിന്ദ് കെജ്‌രിവാൾ തന്നെ ഡൽഹി മുഖ്യമന്ത്രിയെ എത്തുമെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു. അതേസമയം ഡൽഹിയിൽ കോൺഗ്രസ് വീണ്ടും ഒരു തെരഞ്ഞെടുപ്പ് ദുരന്തത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയും എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നു.