Kerala

അനന്തു കൃഷ്ണനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്

ഇടുക്കി: ഓഫർ തട്ടിപ്പു കേസിലെ പ്രതി അനന്തു കൃഷ്ണനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. ഇടുക്കി തൊടുപുഴയിലാണ് പരാതിക്കാർ ഏറെയും. മുഖ്യമന്തിക്ക് പരാതി നൽകാനാണ് തട്ടിപ്പിനിരയായവരുടെ തീരുമാനം. എൻജിഒ കോൺഫെഡറേഷന്‍റെ പേരിൽ പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ് ടോപ്പും കാർഷികോപകരണങ്ങളുമെല്ലാം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പരാതിക്കാരുടെ എണ്ണം അനുദിനം വർധിക്കുമ്പോഴും പണം നഷ്ടമാകില്ലെന്ന് കരുതിയവരുടെ കണക്ക് കൂട്ടലുകൾ തെറ്റി. പണം നൽകിയതിന് പുറമെ മുദ്രപ്പത്രത്തിൽ കരാറൊപ്പിട്ടവരുമുണ്ട്.

പണം പോയതിന് പുറമെ കുരുക്ക് മുറുകുമോയെന്ന ആശങ്കയിലാണ് തട്ടിപ്പിനിരയായവർ. കോർഡിനേറ്റർമാർ വഴിയാണ് എല്ലാവരും പണം നൽകിയത്. അവസാന വഴിയെന്ന നിലയിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാനാണ് ഇവരുടെ നീക്കം. സാമ്പത്തിക തിരിമറിക്കേസിൽ അനന്തു കൃഷ്ണനെതിരെ 2019 ൽ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് പുതിയ തട്ടിപ്പുമായെത്തിയത്. ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 13 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കരിമണ്ണൂരിൽ മാത്രം ഒമ്പത് കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുമെന്നാണ് വിവരം.