Celebrities

സത്യസന്ധരല്ലാത്തവരുമായുള്ള ബന്ധങ്ങള്‍ മുറിവേല്‍പ്പിച്ചു; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

ഭർത്താവും ഗായകന്‍ നിക് ജൊനാസുമായി പ്രണയത്തിലാകാനുണ്ടായ കാരണങ്ങൾ വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര. കുടുംബ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ഒരാളായിരിക്കണം തന്‍റെ പങ്കാളിയെന്ന് നിർബന്ധമുണ്ടായിരുന്നെന്നും സത്യസന്ധരല്ലാത്തവർക്കൊപ്പമുള്ള ബന്ധങ്ങള്‍ തന്നെ മുറിവേല്‍പ്പിച്ചിട്ടുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘ഒന്നാമതായി എന്‍റെ പങ്കാളി സത്യസന്ധനായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. കാരണം ഇതിന് മുന്‍പുണ്ടായിരുന്ന ബന്ധങ്ങളില്‍ സത്യസന്ധതയില്ലായിരുന്നെന്നും അത് തന്നെ ആഴത്തിൽ മുറിവേൽപിച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. രണ്ടാമത്തെ കുടുംബത്തിന് വിലകല്‍പ്പിക്കുന്ന ആളായിരിക്കണം. മൂന്നാമതായി സ്വന്തം തൊഴിലിനെ ഗൗരവത്തോടെ എടുക്കുന്ന ആളായിരിക്കണം. ഞാനും എന്‍റെ തൊഴിലിനെ ഗൗരവത്തോടെ കാണുന്ന ആളാണ്.

എന്നോടൊപ്പം വലിയ സ്വപ്നങ്ങൾ കാണാനുള്ള സർഗാത്മകതയും ഭാവനയും ഉള്ള ഒരാളായിരിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. എന്‍റെ ഈ സങ്കൽപങ്ങൾക്കൊക്കെ തികച്ചും അനുയോജ്യനായ, യോഗ്യനായ വ്യക്തിയാണ് നിക്. അവനെ കിട്ടിയില്ലായിരുന്നെങ്കിൽ ഞാൻ വിവാഹമേ വേണ്ടെന്നു വയ്ക്കുമായിരുന്നു. നിങ്ങളെ ബഹുമാനിക്കുന്ന ഒരാളെയാണ് നിങ്ങൾ പങ്കാളിയായി സ്വീകരിക്കേണ്ടത്. അങ്ങനെയൊരാളെ അന്വേഷിച്ചു കണ്ടുപിടിക്കണം. യഥാർഥ രാജകുമാരനെ കണ്ടെത്തും വരെ നിങ്ങൾ തെറ്റായ പല ബന്ധങ്ങളിലും ഉൾപ്പെട്ടേക്കാം. ഞാനും അങ്ങനെ തന്നെയായിരുന്നു’- പ്രിയങ്ക ചോപ്ര പറഞ്ഞു.

2018 ഡിസംബർ 1നാണ് നിക്കും പ്രിയങ്കയും വിവാഹിതരായത്. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങളോടെയായിരുന്നു പരമ്പരാഗതരീതിയിലുള്ള വിവാഹം. 4 കോടിയോളം രൂപയാണ് പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹാഘോഷത്തിനു വേണ്ടി ചെലവായത്. 2022 ജനുവരി 22ന് ഇരുവർക്കും പെൺകുഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് താരദമ്പതികൾ മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്.