Celebrities

മഹാകുംഭമേളയില്‍ പുണ്യസ്‌നാനം ചെയ്ത് കെജിഎഫ് നായിക; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നു

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ സ്നാനം ചെയ്ത് നടി ശ്രീനിധി ഷെട്ടി. കുംഭമേളയിൽ പങ്കെടുക്കുക എന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു എന്നും, വലിയ തയാറെടുപ്പുകളില്ലാതെ എത്തിച്ചേർന്നതിൽ സന്തോഷമുണ്ടെന്നും ശ്രീനിധി പറഞ്ഞു. പ്രയാഗ്‌രാജില്‍ നിന്നുള്ള ചിത്രങ്ങളും ത്രിവേണിസംഗമത്തിലെ പുണ്യസ്‌നാനത്തിന്റെ വീഡിയോയും നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

‘പ്രയാഗ് എന്നെ ശരിക്കും വിളിച്ചത് പോലെ തോന്നുന്നു. ഞാൻ ജോലിയുടെ തിരക്കിലായിരുന്നു. തുടക്കത്തിൽ എനിക്ക് ഇങ്ങോട്ട് വരാൻ യാതൊരു പ്ലാനും ഉണ്ടായിരുന്നില്ല. പിന്നെ ഓരോന്ന് ഓരോന്നായി വഴിക്കുവഴിയെ സംഭവിച്ചു. ഞാൻ എന്റെ ഫ്ലൈറ്റുകൾ ബുക്ക് ചെയ്തു, താമസം ശരിയായി. യാത്രയ്ക്ക് തയ്യാറായി. ഇപ്പോൾ ഞാൻ ഇവിടെ എത്തിയിരിക്കുന്നു. ദശലക്ഷങ്ങൾക്കിടയിൽ ഞാനും വഴികൾ തിരയുന്നു. എന്റെ അവസാന നിമിഷത്തെ പ്ലാനുകളിലേക്ക് എന്റെ അച്ഛൻ സന്തോഷത്തോടെ ചാടിവന്നു. ഇത് എല്ലാവരുടെയും ജീവിതത്തിലും ഒരിക്കൽ മാത്രം നടക്കുന്ന കാര്യമാണ്. അതിൽ ചോദ്യങ്ങളൊന്നും ഉണ്ടായില്ല. ഇത് ജീവിതകാലത്തേക്ക് മുഴുവൻ പതിഞ്ഞ ഒരു അനുഭവവും ഓർമയുമായി,’ ശ്രീനിധി ഷെട്ടി പറഞ്ഞു.

മോഡലിങ് രംഗത്തു നിന്ന് സിനിമയിലെത്തിയ നടിയാണ് ശ്രീനിധി. കെജിഎഫ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അഭിനയരംഗത്ത് സജീവമാണിപ്പോൾ.

അതേസമയം, നടി സംയുക്ത അടക്കം കുംഭമേളയ്‌ക്കെത്തി ഗംഗയില്‍ പുണ്യസ്‌നാനം ചെയ്തിരുന്നു. വിശാലമായ സംസ്‌കാരത്തിന്റെ മൂല്യമറിയുന്നു എന്ന് പറഞ്ഞാണ് സംയുക്ത പുണ്യസ്‌നാനം നടത്തിയ ചിത്രങ്ങള്‍ പങ്കുവച്ചത്.