ഇന്ത്യൻ മാർക്കറ്റുകളിൽ പ്രീമിയം, സൂപ്പർ പ്രീമിയം മൊബൈൽ ഫോണുകളുടെ വിൽപനയിൽ വമ്പൻ കുതിപ്പ്. പ്രീമിയം സ്മാർട്ട്ഫോൺ മാർക്കറ്റ് 36 ശതമാനവും, സൂപ്പർ പ്രീമിയം സ്മാർട്ട്ഫോൺ മാർക്കറ്റ് 10 ശതമാനവുമാണ് വർധിച്ചിരിക്കുന്നത്.
യൂബർ പ്രീമിയം വിഭാഗത്തിലും 25 ശതമാനം കൂടി. 2024ലെ മൊത്തം മൊബൈൽ ഫോൺ വില്പനയുടെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഈ വർധനവ് ഉണ്ടായിരിക്കുന്നത്. വിവോ, ആപ്പിൾ, സാംസങ്, റെഡ്മി തുടങ്ങിയ കമ്പനികളെല്ലാം വലിയ നേട്ടമാണ് കഴിഞ്ഞ വർഷം വിൽപനയിൽ ഉണ്ടാക്കിയിരിക്കുന്നത്.
ആപ്പിളിന്റെ മാർക്കറ്റ് രാജ്യത്ത് 2024ൽ മാത്രം വലിയ രീതിയിൽ വികസിച്ചു. വിവോ ആണ് 5ജി ഫോണുകളിൽ ഏറ്റവും നേട്ടമുണ്ടാക്കിയ ബ്രാൻഡ്. 19 ശതമാനമാണ് വിവോയുടെ മാർക്കറ്റ് പങ്കാളിത്തം. തൊട്ടുപിന്നാലെ 18 ശതമാനം മാർക്കറ്റുമായി സാംസങ്ങുമുണ്ട്. പ്രീമിയം മാർക്കറ്റ് വിഭാഗത്തിൽ സാംസങ്, ആപ്പിൾ, വിവോ എന്നിവരാണ് മികച്ച നേട്ടമുണ്ടാക്കിയത്.
25,000 മുതൽ 50,000 രൂപ വരെ വിലയുള്ള ഫോണുകളാണ് പ്രീമിയം വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. 50000 മുതൽ ഒരു ലക്ഷം വരെയുള്ളവ സൂപ്പർ പ്രീമിയത്തിലും. ഈ വിഭാഗങ്ങളിൽ ഉള്ള വർധനവ് രാജ്യമെമ്പാടുമുള്ള ആളുകൾ മികച്ച സ്പെസിഫിക്കേഷൻ ഉള്ള, ബ്രാൻഡഡ് ആയ ഫോണുകൾ കൂടുതലായും ആവശ്യപ്പെടുന്നു എന്നതിന്റെ സൂചനയായാണ്.
ബഡ്ജറ്റ് ഫോണുകളിൽ ഒരു ശതമാനം വർധനവും മിഡ് റേഞ്ച് വിഭാഗത്തിലേക്ക് വരുമ്പോൾ 7 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.
5ജി ഫോണുകളുടെ വരവോടെ രാജ്യത്ത് 4ജി ഫോണുകൾക്ക് ആവശ്യക്കാർ കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. 4ജി, 2ജി ഫോണുകളുടെ വില്‍പനയിലുണ്ടായ കുറവ് യഥാക്രമം 59 ശതമാനവും, 22 ശതമാനവുമാണ്. എന്നാൽ 7000 രൂപയ്ക്ക് താഴെയുള്ള ബഡ്ജറ്റ് ഫോണുകളുടെ വില്‍പന ഒരു ശതമാനം വർധിച്ചിട്ടുമുണ്ട്.