ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച ക്രിമിനൽ അപകീർത്തിക്കേസ് ഡൽഹി കോടതി തള്ളി. കുറ്റം പ്രഥമദൃഷ്ട്യാ തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് പരസ് ദലാൽ ഹർജി തള്ളിയത്. 2024 ഏപ്രിലിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ശശി തരൂർ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് എൻഡിഎ സ്ഥാനാർഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാതി. ബി.ജെ.പി സ്ഥാനാർഥി വോട്ടിനായി പണം നൽകുന്നുവെന്ന് തരൂർ പറഞ്ഞെന്നായിരുന്നു പരാതി. ഇതേവിഷയത്തിൽ തരൂരിന്റെ പേരിൽ രാജീവ് ചന്ദ്രശേഖർ നൽകിയ സിവിൽ അപകീർത്തിക്കേസിൽ കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതി സമൻസ് അയച്ചിരുന്നു.