Incident of killing and burying newborn babies in Sultanpuri...
ബംഗളൂരു: കാതുകുത്താനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ പിഞ്ചുകുഞ്ഞ് മരിച്ചു. ഹംഗാല ഗ്രാമത്തിലെ ആനന്ദ്-ശുഭ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ബൊമ്മലപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. അനസ്തേഷ്യ ഓവർഡോസ് നൽകിയതാണ് കുഞ്ഞിന്‍റെ മരണത്തിനിടയാക്കിയതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
കാതുകുത്തുമ്പോൾ വേദനിക്കാതിരിക്കാനായി അനസ്തേഷ്യ നൽകാനാണ് ഇവർ കുഞ്ഞിനെ ബൊമ്മലപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ വെച്ച് ഡോക്ടർ കുട്ടിയുടെ ഇരുചെവിയിലും കുത്തിവെപ്പെടുത്തതായി ഇവർ പറയുന്നു. ഇതിനെ പിന്നാലെ അബോധാവസ്ഥയിലായ കുഞ്ഞ് മരിക്കുകയായിരുന്നു.
ഡോക്ടറുടെ വീഴ്ചയാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമായതെന്നാരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. കാതുകുത്താനായി ഡോക്ടർ അനസ്തേഷ്യ നൽകിയെന്നും സംഭവത്തിൽ അന്വേഷണം നടത്തി വീഴ്ച കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും താലൂക്ക് മെഡിക്കൽ ഓഫിസർ അറിയിച്ചു.