Kerala

അനന്തു കൃഷ്ണൻ്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ; ഇതുവഴി നടന്നത് 450 കോടി രൂപയുടെ ഇടപാട്; പകുതി വിലയെന്ന് ഓഫർ തട്ടിപ്പ് കേസിൽ കൂടുതൽ കേസുകൾ | half price scam ananthu krishnan 19 bank account

103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികൾ വയനാട് മാനന്തവാടിയിൽ ലഭിച്ചു

കൊച്ചി: പകുതി വിലയെന്ന് ഓഫർ തട്ടിപ്പ് കേസിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. മുഖ്യ പ്രതി അനന്തു കൃഷ്ണൻ്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായിട്ടാണ് കണ്ടെത്തൽ. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. 2 കോടി രൂപ ഭൂമി വാങ്ങാൻ അനന്തു ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിന്റെ പേരിലും ഭൂമി വാങ്ങി.

ഇടുക്കിയിൽ മാത്രം ആയിരത്തോളം പരാതി സംഭവത്തിൽ ലഭിച്ചിട്ടുണ്ട്, 21 കേസുകൾ രജിസ്റ്റർ ചെയ്തു. 103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികൾ വയനാട് മാനന്തവാടിയിൽ ലഭിച്ചു. പാറത്തോട്ടം കർഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതി ചേർത്തുള്ളതാണ് പരാതികൾ.

തട്ടിപ്പിൽ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തി. തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കേരളത്തിൽ സമീപ കാലത്ത് ഒന്നും ഇത്രയധികം സ്ത്രീകൾ ഒന്നിച്ച് സാമ്പത്തികമായി വഞ്ചിക്കപ്പെട്ട കേസ് ഉണ്ടായിട്ടില്ല. വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് സഹായത്തോടെ വനിതകള്‍ക്ക് പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അനന്തുകൃഷ്ണന്‍ സാമ്പത്തികതട്ടിപ്പ് നടത്തിയെന്നാണ് പരാതി.