World

വനിതാ കായിക മത്സരങ്ങളില്‍ ട്രാൻസ്‌ജെൻഡറുകൾക്ക് ഇനി അവസരമില്ല; ഉത്തരവിറക്കി ട്രംപ് | trump bans trans athletes in womens sports

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കായികതാരങ്ങളുമായി ബന്ധപ്പെട്ട നിയമം മാറ്റാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ സമ്മര്‍ദം ചെലുത്താനും ട്രംപ് ശ്രമിക്കുന്നുണ്ട്

വാഷിങ്ടണ്‍: ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾ വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി യുഎസ്. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഹൈസ്‌കൂള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെ കായികമത്സരങ്ങളേയാണ് പ്രധാനമായും ഉത്തരവ് ബാധിക്കുക. ‘‘വനിതാ അത്‌ലീറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ പെൺകുട്ടികളെയും തല്ലാനും പരുക്കേൽപ്പിക്കാനും വഞ്ചിക്കാനും ഞങ്ങൾ പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും’’ – ട്രംപ് പറഞ്ഞു.

ഉത്തരവ് പ്രകാരം വനിതാ ടീമുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുത്തുന്ന സ്‌കൂളുകള്‍ക്കുള്ള ഫണ്ടുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിഷേധിക്കാം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കായികമേഖലകളില്‍ ന്യായമായ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന വിദ്യാഭ്യാസ പരിപാടികളിലേക്കുള്ള ഫണ്ട് റദ്ദാക്കുകയെന്നത് യു.എസ്സിന്റെ നയമാണ്. ഇത്തരത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയും നിശബ്ദരാക്കുകയും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ഉത്തരവ് നിലവില്‍ വന്നതോടെ വനിതാ കായികരംഗത്തെ യുദ്ധം അവസാനിച്ചതായി ട്രംപ് പറഞ്ഞു. വനിതാ കായികതാരങ്ങളുടെ അഭിമാനകരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും പരിക്കേല്‍പ്പിക്കാനും വഞ്ചിക്കാനും പുരുഷന്മാരെ അനുവദിക്കരില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇനി മുതല്‍ വനിതാ കായികഇനങ്ങള്‍ വനിതകള്‍ക്ക് മാത്രമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കായികതാരങ്ങളുമായി ബന്ധപ്പെട്ട നിയമം മാറ്റാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ സമ്മര്‍ദം ചെലുത്താനും ട്രംപ് ശ്രമിക്കുന്നുണ്ട്. 2028 ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സിന് മുമ്പ് ഇത് നടപ്പാക്കാനാണ് ട്രംപിന്റെ ശ്രമം.