Kerala

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു | wild elephant attack marayoor one killed

വനത്തിനുള്ളില്‍ വച്ചായിരുന്നു ആക്രമണം

തൊടുപുഴ: സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു. ചെമ്പക്കാട് സ്വദേശി ബിമല്‍(57)എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ഇടുക്കി ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ വച്ചായിരുന്നു സംഭവം. കാട്ടുതീ പടര്‍ന്നു പിടിക്കുന്നത് തടയാനായി ഫയര്‍ലൈന്‍ തെളിക്കുന്ന ജോലിക്കായി പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനത്തിനുള്ളില്‍ വച്ചായിരുന്നു ആക്രമണം. ജോലിക്കിടെ അവിടെയെത്തിയ കാട്ടാന വിമലിനെ ആക്രമിക്കുകയായിരുന്നു.

വനംവകുപ്പിന്റെ ഫയര്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ആദിവാസി വിഭാഗങ്ങളെക്കൂടി ഒപ്പം കൂട്ടാറുണ്ട്. മുമ്പും ഫയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിമല്‍ പോയിട്ടുണ്ട്. രണ്ടു സ്ത്രീകള്‍ അടക്കം 9 അംഗ സംഘമാണ് ഫയര്‍ലൈന്‍ ജോലികള്‍ക്കായി പോയിരുന്നത്. ഏറ്റവും പിന്നിലായി പോയ വിമലിനെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.