Travel

ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ശിവക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ? ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ചന്ദ്രനാഥ് പർവ്വത നിരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്ത് തന്നെ ഏറ്റവും ഉയരത്തിലിരിക്കുന്ന ശിവ ക്ഷേത്രമാണ് തുംഗനാഥ്. വിശേഷണങ്ങളും സവിശേഷതകളും ഏറെയാണ് തുംഗനാഥ് ശിവക്ഷേത്രത്തിന്.

സമുദ്രനിരപ്പിൽ നിന്നും 3860 മീറ്റർ(12,073 അടി) ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവക്ഷേത്രങ്ങളിലെ പഞ്ചകേദാരങ്ങളിലും ഏറ്റവും ഉയരത്തിലുള്ളത് തുംഗനാഥ് ക്ഷേത്രമാണ്. തുംഗനാഥ് എന്ന വാക്കിൻ്റെ അർത്ഥവും ഏറ്റവും ഉയരത്തിലുള്ള ദേവൻ എന്നാണ്. കുരുക്ഷേത്ര യുദ്ധത്തിന് ശേഷം പാണ്ഡവർ ഈ ക്ഷേത്രം നിർമ്മിച്ചുവെന്നാണ് ഐതിഹ്യം.

തുംഗനാഥ് ക്ഷേത്രത്തിന് ചുറ്റുമുള്ള മഞ്ഞ് മൂടിയ പർവ്വതനിരകൾ, ക്ഷേത്രത്തിന് ചുറ്റും ഒരു മാന്ത്രിക വലയം സൃഷ്ടിക്കുന്നു. വടക്ക് ദർശനമായി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ പരമശിവനാണ്. അളകനന്ദ- മന്ദാകിനീ നദികൾ തീർത്ത താഴ്വരകളിൽ ഏറ്റവും ഉയരമുള്ള ചന്ദ്രശില കൊടുമുടിക്ക് താഴെയാണ് തുംഗനാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ക്ഷേത്രത്തിന് ഏകദേശം 1000 വർഷത്തെ പഴക്കം ഉണ്ടെന്ന് പറയപ്പെടുന്നു. മനോഹരമായ ചോപ്ത തുംഗനാഥ് ട്രക്കിൻ്റെ ഭാഗമാണ് ഈ ക്ഷേത്രം, വിശാലമായ കാഴ്ചകൾക്കും ശാന്തമായ ചുറ്റുപാടുകൾക്കും ഏറെ പ്രശസ്തമാണ് ചോപ്ത.

നാഗര വാസ്തുവിദ്യാ ശൈലിയിലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അകത്തും പുറത്തും ഛായം പൂശിയ ഗോപുരങ്ങൾ ഉൾപ്പെടുന്ന ഈ ക്ഷേത്രം കല്ലുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നു. ക്ഷേത്രത്തിൻ്റെ ഏറ്റവും ഉയർന്ന താഴികക്കുടത്തിൽ 16 ദ്വാരങ്ങളുള്ള മരം കൊണ്ട് പൂർത്തിയാക്കിയ ഒരു വേദിയുണ്ട്. ക്ഷേത്രത്തിൻ്റെ മേൽക്കൂര ശിലാഫലകങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, മനോഹരമായ കൊത്തുപണികളാലും മരപ്പണികളാലും സമ്പന്നമാണ് ഇവിടം.

ക്ഷേത്രത്തിൻ്റെ ചുവരുകൾ പുരാതന ശിൽപങ്ങളും ഹൈന്ദവ ദേവതകളുടെയും പുരാണ കഥാപാത്രങ്ങളുടെയും അതിമനോഹരമായ കൊത്തുപണികളാൽ അലങ്കരിച്ചിരിക്കുന്നു. ക്ഷേത്രത്തിലെ ശിവ വിഗ്രഹത്തിന് കുറുകെയുള്ള പ്രവേശന കവാടത്തിൽ ഒരു നന്ദി പ്രതിഷ്‌ഠയും നിലകൊള്ളുന്നു. പുരാതന വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് തുംഗനാഥ് ശിവക്ഷേത്രം. ശൈത്യകാലത്ത്, ഈ പ്രദേശം പൂർണ്ണമായും മഞ്ഞുമൂടുന്നതിനാൽ ഭക്തർക്ക് ക്ഷേത്ര ദർശനം നടത്തുക എന്നത് അതികഠിനമാണ്.

ക്ഷേത്രം നല്ല ഉയരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ ഒരു വർഷത്തിൽ ആറുമാസം മാത്രമേ ദർശനത്തിനായി ക്ഷേത്രം തുറക്കാറുള്ളൂ. ക്ഷേത്രം നവംബർ മാസത്തിൽ അടയ്ക്കുന്നു പിന്നെ ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ വീണ്ടും തുറക്കുന്നു.