പാലക്കാട്: പകുതി വില ഓഫര്‍ തട്ടിപ്പിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരെ ഗുരുതര ആരോപണവുമായി പി.സരിൻ. നജീബ് നേതൃത്വം നൽകുന്ന മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന് തട്ടിപ്പിൽ പങ്കുണ്ട്. ഈ സംഘടനയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. നജീബിൻ്റെ പങ്ക് ഇതിലൂടെ വ്യക്തമാണെന്ന് സരിൻ ആരോപിച്ചു. കോർപ്പറേറ്റുകളിൽ നിന്നും ഭീമമായ തുക സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനും നജീബ് കാന്തപുരം മുദ്ര ഫൗണ്ടേഷനെ ഉപയോഗിച്ചു എന്നും സരിൻ പറഞ്ഞു. ഗുണഭോക്താക്കളിൽ നിന്നും പണം തട്ടിയതിന്‍റെ രേഖകളും ഉടൻ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
‘ദി ബിഗിനിങ് ഓഫ് സംതിങ് ബിഗ്ഗർ’
അഥവാ 38 വോട്ടിന് പെരിന്തൽമണ്ണക്കാരെ മറിച്ച് വിൽക്കുന്ന എംഎൽഎ
സംസ്ഥാനത്തൊട്ടാകെ ചർച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിന്നത് ബിജെപി – കോൺഗ്രസ് ബന്ധമുള്ളവർ ആണെങ്കിൽ, അതിന് നേരിട്ട് നേതൃത്വം കൊടുത്ത ഒരാൾ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ എംഎൽഎ മുസ്‍ലിം ലീഗിന്‍റെ നജീബ് കാന്തപുരം ആണ് എന്നു വേണം മനസ്സിലാക്കാൻ.
നജീബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ കള്ളപ്പണം വെളുപ്പിച്ച് എടുക്കാൻ ഉള്ള ഒരു വഴി മാത്രമല്ലായിരുന്നു. പകുതി വിലയ്ക്ക് ഇരുചക്രവാഹനം നൽകുന്നതിന് നാഷണൽ എൻജിഒ കോൺഫെഡറേഷൻ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന്, എംഎൽഎ തൻ്റെ ഫൗണ്ടേഷനിലൂടെ കണ്ടെത്തി നൽകിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് ഒരേ സമയം ആളുകളിൽ നിന്ന് പണം തട്ടിക്കാൻ കൂട്ടുനിന്നതിനും, അതിനോടൊപ്പം തന്നെ മുദ്ര ഫൗണ്ടേഷന്റെ പേരിൽ കോർപ്പറേറ്റുകളിൽ നിന്ന് ഭീമമായ ഫണ്ടുകൾ സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിന് ജനപ്രതിനിധിയായ ഒരാൾ തന്റെ പദവി ദുരുപയോഗം ചെയ്യുന്നതിനും ഉള്ള തെളിവുകളാണ് പുറത്തുകൊണ്ടുവരുന്നത്.
എംഎൽഎ ക്ക് ഈ തട്ടിപ്പിൽ നിന്ന് കൈകഴുകാൻ പറ്റാത്തവിധം വരും ദിവസങ്ങളിൽ കൂടുതൽ വസ്തുതകൾ പുറത്തു വരിക തന്നെ ചെയ്യും. പറഞ്ഞു പറ്റിച്ച ആളുകൾക്ക് എംഎൽഎ തൻ്റെ സ്വന്തം പോക്കറ്റിൽ നിന്നോ, ഫൗണ്ടേഷന്‍റെ പേരിൽ നടക്കുന്ന വെട്ടിപ്പ് പണത്തിൽ നിന്നോ, ഇനി മുസ്‍ലിം ലീഗിന്‍റെ പാർട്ടി ഫണ്ടിൽ നിന്ന് തന്നെയോ തുക മടക്കി നൽകും എന്ന അവകാശവാദം ഉന്നയിച്ച് രക്ഷപ്പെടാം എന്ന് കരുതണ്ട.
തട്ടിപ്പ് പരിപാടിക്ക് പോയി ഉദ്ഘാടകൻ ആയതോ, പോസ്റ്ററിൽ ഫോട്ടോ വന്നതോ അല്ല എംഎൽഎ ചെയ്ത ഗുരുതരമായ കുറ്റം. എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന ചാരിറ്റബിൾ ഫൗണ്ടേഷൻ ഈ തട്ടിപ്പിന് ആളെ ചേർക്കുന്ന വിധം ഗുണഭോക്താക്കളെ നേരിട്ട് തെരഞ്ഞെടുത്ത്, അവരിൽ നിന്ന് പണം കൈപ്പറ്റിയതിൻ്റെ തെളിവുകൾ പുറത്ത് വരും. കോടികളാണ് ഇങ്ങനെ പിരിച്ചെടുത്തത്.
എംഎൽഎ പദവി ദുരുപയോഗം ചെയ്തതിന്‍റെ അടക്കം നിയമപരമായ എല്ലാ വശങ്ങളും അന്വേഷണത്തിന് വിധേയമാക്കണം. മുദ്ര ഫൗണ്ടേഷന്റെ പേരിൽ മറ്റു തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണം.
ലീഗിന്‍റെ അഭിവന്ദ്യനായ ഹൈദരാലി ശിഹാബ് തങ്ങളുടെ അടക്കം പേര് ദുരുപയോഗം ചെയ്തു തന്നെ ഈ തട്ടിപ്പിന് ആളെ കൂട്ടണമായിരുന്നോ?
മെച്ചപ്പെട്ട ഒരു ജീവിതം സ്വപ്നം കണ്ട തൻ്റെ നാട്ടുകാരെ ഇങ്ങനെ പറഞ്ഞു പറ്റിക്കണമായിരുന്നോ ?