Kerala

‘മുഖ്യമന്ത്രി അധികം തമാശ പറയരുത്, അങ്ങനെ പറഞ്ഞാൽ 2011ലെയും 2006ലേയും തമാശ ഞാനും പറയേണ്ടി വരും’; മുഖ്യമന്ത്രി സ്ഥാനാർഥി കാര്യത്തിൽ പിണറായി വിജയൻ അധികം ക്ലാസ് എടുക്കണ്ടെന്നും വി. ഡി. സതീശന്‍ | vd satheesan against pinarayi

തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ പരാമർശം ചിരിപടർത്തിയത്

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള പിണറായി വിജയന്‍റെ പരിഹാസത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കോൺഗ്രസിൽ ഞാനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിന് കോൺഗ്രസിന് രീതികൾ ഉണ്ട്. പിണറായി വിജയൻ അധികം ക്ലാസ് എടുക്കണ്ടെന്നും സതീശന്‍ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അധികം തമാശ പറയരുത്. അങ്ങനെ പറഞ്ഞാൽ 2011ലെയും 2006ലേയും തമാശ താനും പറയേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു

രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിൽ പരിഹാസവുമായി മുഖ്യമന്ത്രി ഇന്നലെ രംഗത്ത് വന്നിരുന്നു. തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ പരാമർശം ചിരിപടർത്തിയത്. പരിപാടിയിൽ സ്വാഗതം പറഞ്ഞ രാജ് മോഹൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചപ്പോൾ അദ്ദേഹം അടുത്ത മുഖ്യമന്ത്രിയായി വരണം എന്നാണ് ആഗ്രഹം എന്ന് ആശംസിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി അതിന് മറുപടി പറഞ്ഞു. അത് കോൺഗ്രസ്സിൽ വലിയ ബോംബായി മാറുമെന്നായിരുന്നു പിണറായിയുടെ പരിഹാസം.

അതേസമയം ബ്രൂവറിയിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകിയില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. മദ്യം നയം മാറ്റിയത് ഒയാസിസുമായി ധാരണ ആയതിന് ശേഷമാണ്. എലപ്പുള്ളിയിൽ അവർ സ്ഥലം വാങ്ങിയ ശേഷമാണ് നയം മാറ്റിയത്. ഐഒസി അംഗീകരിക്കുന്നതിന് മുമ്പ് തന്നെ കമ്പനിയെ ക്ഷണിച്ചിട്ടുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ബോഡി ബിൽഡിങ് താരങ്ങൾക്ക് ജോലി നൽകിയത് ചട്ട വിരുദ്ധമാണ്. പാർട്ടി ബന്ധത്തിന്‍റെ പേരിലാണ് ജോലി നൽകിയത്. ഫുട്ബോൾ താരങ്ങൾക്ക് വരെ ജോലി കിട്ടുന്നില്ല. വിഷയം നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.