Movie News

ഷൂട്ടിനിടെ തുടയിൽ വാൾ കുത്തിക്കയറി, ആ പാട് ഇപ്പോഴുമുണ്ട്; വടക്കൻ വീരഗാഥ ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥ റീ  റിലീസിനൊരുങ്ങുകയാണ്. 4K റെസല്യുഷനിൽ ഡോൾബി അറ്റ്‌മോസ് ക്വാളിറ്റിയിൽ റീസ്റ്റോർ ചെയ്ത് പതിപ്പാണ് റിലീസിന് എത്തുന്നത്. ഏറെ ആവേശത്തോടെയാണ് ആരാധകർ ഈ ക്ലാസിക് ചിത്രത്തിന്റെ റീ-റിലീസിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റീ റിലീസിന് മുന്നോടിയായി ഒരു വടക്കൻ വീരഗാഥ എക്സ്ക്ലൂസീവ് അഭിമുഖം പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി കമ്പനി. രമേഷി പിഷാരടിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന മമ്മൂട്ടിയെ ആണ് വീഡിയോയിൽ കാണാനാവുക. വടക്കൻ വീര​ഗാഥയുടെ ചിത്രീകരണ സമയത്തെ ഓർമകൾ പങ്കുവയ്ക്കുകയാണ് മമ്മൂട്ടി.

ഷൂട്ടിനിടെ തനിക്കു പറ്റിയ അപകടത്തെ കുറിച്ചും അഭിമുഖത്തിൽ മമ്മൂട്ടി തുറന്ന് പറയുന്നുണ്ട്. കളരിപ്പയറ്റും കുതിരസവാരിയുമൊക്കെ ചെയ്യുന്ന യോദ്ധാവായി അഭിനയിച്ചെങ്കിലും കളരി പോലെയുള്ള ആയോധന മുറകളൊന്നും പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിയുന്നതല്ല എന്ന് മമ്മൂട്ടി പറയുന്നു.

സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയുള്ള ചുവടുകളും ശൈലികളും മാത്രമാണ് അന്ന് പരിശീലിച്ചത്. വാൾപയറ്റ് നടത്തുന്നതിനിടെ വാൾ ചാടി പിടിക്കുമ്പോൾ ഉന്നം തെറ്റി വാൾ തുടയിൽ കുത്തിക്കയറി, വലിയ വേദനയുണ്ടായിട്ടും അത് മറച്ചുവച്ച് ഷൂട്ടിങ് മുടങ്ങാതെ നോക്കി. വാൾ കുത്തിക്കയറിയ മുറിവിന്റെ പാട് ഇപ്പോഴും തന്റെ തുടയിലുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

‘പരിക്കേൽക്കുന്നതൊക്കെ സ്വാഭാവികം ആണ് അതിനൊന്നും ആർക്കും പരാതിയൊന്നും ഉണ്ടായിട്ടില്ല. കാരണം ഇതൊക്കെ ഉണ്ടാകും എന്ന് അറിഞ്ഞു തന്നെയാണല്ലോ നമ്മൾ വരുന്നത്. കുതിര ചാടും, കുതിരപ്പുറത്തുനിന്ന് വീഴും, കുതിര കുഴപ്പങ്ങൾ ഉണ്ടാക്കും, നമ്മളും കുതിരയുമായിട്ട് പൊരുത്തപ്പെടാൻ കുറെ സമയം എടുക്കും. ഇതൊക്കെ നമുക്ക് അറിയാം. കുതിരപ്പുറത്ത് കയറിയിരിക്കുന്ന ആൾക്ക് കുതിരയെ പരിശീലിപ്പിക്കാൻ അറിയില്ലെന്നുള്ള വിവരം കുതിരയ്ക്ക് അറിയാവുന്ന പോലെയാ കുതിരയുടെ പെരുമാറ്റം.

പരിചയമില്ലാത്ത ഒരാളാണെന്ന് കുതിരയ്ക്ക് തോന്നും. കുതിരയ്ക്ക് അത് അറിയാം എന്നാണു പറയുന്നത്. പക്ഷെ അന്ന് ആ സിനിമയുടെ ഷൂട്ടിങ്ങും അതിന്റെ ഒരു ഉത്സവപ്രതീതിയുമൊക്കെ ഉണ്ടായിരുന്നു, ഒത്തിരി ആൾക്കാരും ബഹളവും ആനയും, അതൊക്കെ ഇന്നും മനസ്സിലുണ്ട്’- മമ്മൂട്ടി പറയുന്നു.

സംസ്ഥാന – ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നു ഒരു വടക്കൻ വീരഗാഥ. മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി നേടിയപ്പോൾ മികച്ച തിരക്കഥ, പ്രൊഡക്ഷൻ ഡിസൈൻ, വസ്ത്രാലങ്കാരം എന്നീ മേഖലകളിലും ചിത്രം നേട്ടം സ്വന്തമാക്കി. കൂടാതെ എട്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ചിത്രം നേടിയിട്ടുണ്ട്. ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്കുള്ള ആദരം കൂടിയായാണ് ചിത്രം റീറിലീസ് ചെയ്യുന്നത്.

1989ൽ ആദ്യമായി തിയേറ്ററുകളിലെത്തിയപ്പോൾ വലിയ വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലൻ കെ നായർ, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ.രാമചന്ദ്ര ബാബു ഛായാഗ്രാഹണം നിർവഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി. എം എസ് മണിയായിരുന്നു എഡിറ്റിങ്.