ടോക്കിയോ: പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോറുമായുള്ള ലയന ചര്‍ച്ചയില്‍ നിന്ന് മറ്റൊരു പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. ലോകത്തിലെ മൂന്നാമത്തെ വാഹന നിര്‍മ്മാതാക്കളെ സൃഷ്ടിക്കുമായിരുന്ന സഖ്യത്തില്‍ നിന്നാണ് നിസാന്റെ പിന്‍വാങ്ങല്‍ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ ടോക്കിയോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിസാന്റെ ഓഹരി നാലുശതമാനത്തിലധികം ഇടിഞ്ഞു.
എന്നാല്‍ റിപ്പോര്‍ട്ടുകള്‍ തള്ളിയ നിസാന്‍ ഫെബ്രുവരി പകുതിയോടെ അന്തിമ തീരുമാനം അറിയിക്കുമെന്ന് വ്യക്തമാക്കി. ധാരണാപത്രത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനത്തെ കുറിച്ച് നിസാനില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഹോണ്ടയുടെ വിശദീകരണം. കഴിഞ്ഞവര്‍ഷമാണ് വില്‍പ്പനയില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളെ സൃഷ്ടിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇരുകമ്പനികളും ആരംഭിച്ചത്. ചൈന അടക്കം വിവിധ രാജ്യങ്ങളിലെ ഇലക്ട്രിക് വാഹന കമ്പനികളില്‍ നിന്നും വലിയ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ലയനത്തിനുള്ള നീക്കം ഇരുകമ്പനികളും ആരംഭിച്ചത്. എന്നാല്‍ ഇരുവശത്തും വര്‍ദ്ധിച്ചുവരുന്ന വ്യത്യാസങ്ങള്‍ ചര്‍ച്ചകളെ സങ്കീര്‍ണ്ണമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിസാനെ ഉപകമ്പനിയാക്കി മാറ്റാനുള്ള നിബന്ധനകളാണ് ലയന ഉടമ്പടികളിലുള്ളതെന്നും ഇതു സ്വീകാര്യമല്ലെന്നും ചൂണ്ടിക്കാട്ടി നിസാന്‍ ലയനനീക്കത്തില്‍ നിന്ന് പിന്മാറുമെന്ന സൂചന നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചു. ബാഹ്യ സഹായമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയാതെ പ്രതിസന്ധിയിലായ നിസാന്‍ പുതിയ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. നിസാനെക്കാള്‍ അഞ്ചിരട്ടി വിപണി മൂല്യമുള്ള കമ്പനിയാണ് ഹോണ്ട. എന്നാല്‍ നിസാന്‍ ഒരു ഹോണ്ട അനുബന്ധ സ്ഥാപനമാകാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
content highlight: Honda and Nissan