ഡൽഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തിൽ രാജ്യസഭയിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാൻ ആവില്ലെന്ന് എസ് ജയശങ്കർ പറഞ്ഞു. യുഎസിന്റെ നാടുകടത്തൽ ആദ്യ സംഭവമല്ലെന്നും 2009 മുതൽ തിരിച്ചയയ്ക്കുന്നുണ്ടെന്നും വർഷങ്ങളായി തുടരുന്ന അതേ വ്യവസ്ഥകൾ പ്രകാരമാണ് യുഎസ് നടപടിയെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങിട്ട് തിരിച്ചയച്ച രീതിയുൾപ്പെടെ വിവാദമായതിൻ്റെ പശ്ചാത്തലത്തിലാണ് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം.
നിയമവിരുദ്ധമായി തങ്ങുന്നവരെ തിരിച്ച് സ്വീകരിക്കാൻ ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്നും അനധികൃത കുടിയേറ്റ ഏജൻസികൾക്കെതിരെ കടുത്ത നടപടി വേണമെന്നും മന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളം വെച്ചു. ഭീകരവാദികളെ പോലെ ഇന്ത്യക്കാരോട് പെരുമാറിയതെന്തിനെന്ന് രൺദീപ് സുർജെവാല ചോദിച്ചു. അമേരിക്കൻ തടവിൽ എത്ര ഇന്ത്യക്കാരുണ്ടെന്ന് ചോദിച്ച കോൺഗ്രസ് കൊളംബിയ പോലൊരു ചെറിയ രാജ്യം ചെറുത്തതു പോലെ ഇന്ത്യ ചെറുക്കാത്തത് എന്തു കൊണ്ടെന്നെന്നും ചോദിച്ചു.
അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയപ്പോഴും ഇന്ത്യക്കാരെ അപമാനിച്ചുവെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. ഹരിയാന സർക്കാർ ജയിൽ വാഹനങ്ങളിലാണ് ഇവരെ കൊണ്ടുപോയതെന്നും സഞ്ജയ് സിംഗ് പറഞ്ഞു. ഇന്ത്യക്കാരെ നേരത്തെ കൊണ്ടു വന്നത് സൈനിക വിമാനങ്ങളിലാണോ എന്ന് ജോൺ ബ്രിട്ടാസ് എംപിയും ചോദിച്ചു. നരേന്ദ്ര മോദിയുടെ ചർച്ചയിൽ ഈ വിഷയം ഉന്നയിക്കുമോ എന്ന് ശിവസേനയും ചോദിച്ചതോടെ രാജ്യസഭയിൽ ബഹളമായി. എന്നാൽ 104 പേർ മടങ്ങി വരുന്ന കാര്യം അറിയാമായിരുന്നു എന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. വിമാനം ഇറങ്ങാൻ അനുമതി ഇന്ത്യ നൽകിയിരുന്നു. മടങ്ങിയെത്തിയവരിൽ നിന്ന് ഏജൻറുമാരുടെ വിവരം ശേഖരിച്ചുവെന്നും വ്യക്തമാക്കിയഎസ് ജയശങ്കർ സൈനിക വിമാനം ഇതിനു മുമ്പ് അയച്ചിട്ടില്ലെന്നും സൂചിപ്പിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.