തിരുവനന്തപുരം: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ അരുൺ ഷൂരിയുടെ പുതിയ പുസ്തകമായ ‘ദ ന്യൂ ഐക്കൺ: സവർക്കർ ആൻഡ് ദ ഫാക്ട്‌സ്’ ഉദയനിധിക്ക് മന്ത്രി സമ്മാനമായി നൽകി. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനാണ് ഉദയനിധി കേരളത്തിലെത്തിയത്. ‘നട്പ്’ എന്ന അടിക്കുറിപ്പോടെ ഉദയനിധിക്കൊപ്പമുള്ള ചിത്രം മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചു.
ഹിന്ദു മഹാസഭ നേതാവായ വി ഡി സവർക്കറെക്കുറിച്ചുള്ളതാണ് അരുൺ ഷൂരിയുടെ പുസ്തകം. താനും ഗാന്ധിയും സുഹൃത്തുക്കൾ ആയിരുന്നെന്നും 1908-ൽ തങ്ങളിരുവരും ലണ്ടനിലെ ഇന്ത്യാ ഹൗസിൽ താമസിച്ചിരുന്നു എന്നും ഗാന്ധി വധത്തിന്റെ സമയത്ത് സവർക്കർ അവകാശപ്പെട്ടിരുന്നു. എന്നാൽ 1908-ൽ ഗാന്ധി ലണ്ടനിൽ ഉണ്ടായിരുന്നില്ല എന്നാണ് അരുൺ ഷൂരി പറയുന്നത്.
മാത്രമല്ല 1891-ൽ ഗാന്ധി ഇംഗ്ലണ്ടിൽ നിന്ന് പോയിരുന്നെന്നും ഷൂരി പുസ്തകത്തിൽ പറയുന്നുണ്ട്. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിൽ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതകൂടി ഓർമിപ്പിക്കുകയാണ് പുസ്തകം കൈമാറിയതിലൂടെ മന്ത്രി മുഹമ്മദ് റിയാസ് എന്നാണ് വിലയിരുത്തപ്പെടുന്നത്.