India

‘കോണ്‍ഗ്രസ് അംബേദ്കറെ വെറുത്തിരുന്ന കാലമുണ്ടായിരുന്നു; കോണ്‍ഗ്രസിന്റേത് ‘ആദ്യം കുടുംബം’ എന്ന നയം’; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി | modi slams congress rajya sabha

അവര്‍ രണ്ടുതവണ അംബേദ്കറെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: രാജ്യസഭയിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റേത് ‘ആദ്യം കുടുംബം’ എന്ന നയമാണെന്ന് മോദി പറഞ്ഞു. ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പരാമര്‍ശം.

‘കോണ്‍ഗ്രസില്‍നിന്ന് സബ്കാ സാഥ്, സബ്കാ വികാസ് പ്രതീക്ഷിക്കുന്നത് വലിയ തെറ്റായിരിക്കും. അതവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. അത് അവരുടെ രൂപഘടനയ്ക്ക് അനുയോജ്യവുമല്ല. ആ പാര്‍ട്ടി മുഴുവനായി ഒരു കുടുംബത്തിനുവേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്’, മോദി പറഞ്ഞു.

ബി.ആര്‍. അംബേദ്കറിന് ഭാരതരത്‌ന നല്‍കാത്ത കോണ്‍ഗ്രസ് ജയ് ഭീം മുദ്രാവാക്യമുയര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അവര്‍ രണ്ടുതവണ അംബേദ്കറെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് അംബേദ്കറെ വെറുത്തിരുന്ന കാലമുണ്ടായിരുന്നുവെന്നും മോദി ആരോപിച്ചു.

കോണ്‍ഗ്രസിന്റെ ഭരണകാലത്ത് എല്ലാത്തിലും പ്രീണനമായിരുന്നു. എന്നാല്‍ ബി.ജെ.പിയുടേത് പ്രീണനത്തിന്റെ മാതൃകയല്ല, സംതൃപ്തിയുടേതാണ്. ഇന്ന് സമൂഹത്തില്‍ ജാതി വിഷം പരത്താന്‍ ശ്രമം നടക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.