Thiruvananthapuram

സാങ്കേതിക സര്‍വകലാശാലാ പ്രഥമ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് (ETIS-2025) നാളെ തുടങ്ങും

എപിജെ അബ്ദുല്‍ കലാം സാങ്കേതികശാസ്ത്ര സര്‍വകലാശാലയുടെ 3 ദിവസം നീണ്ടു നില്‍ക്കുന്ന പ്രഥമ അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍  നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ രാജ്യത്തെ പ്രധാന ഹബ് ആയി മാറാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ഈ കോണ്‍ഫറന്‍സ് പുത്തന്‍ ഉണര്‍വ് നല്‍കും. എമര്‍ജിംഗ് ടെക്നോളജീസ് ഫോര്‍ ഇന്റലിജന്റ് സിസ്റ്റം (ETIS2025) എന്നതാണ് അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ പ്രമേയം.

ഇന്റലിജന്റ് സിസ്റ്റങ്ങളുടെ മേഖലയിലെ പ്രഗത്ഭരായ അക്കാദമിഷ്യന്‍മാര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വ്യവസായ സംരഭകര്‍ എന്നിവരടങ്ങുന്ന ഒരു മികച്ച പാനലിനെ ഒരു കുടകീഴില്‍ കൊണ്ടുവരാന്‍ സര്‍വകലാശാലയുടെ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സഹായകമാകും. ഫെബ്രുവരി 7 മുതല്‍ 9 വരെ നടക്കുന്ന കോണ്‍ഫറന്‍സ്, IEEE കേരള വിഭാഗത്തിന്റേയും, IEEE ഇന്‍ഡസ്ട്രി ആപ്ലിക്കേഷന്‍ സൊസൈറ്റി (IAS) യുടെയും സാങ്കേതിക സഹായത്തോടുകൂടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കോണ്‍ഫറന്‍സിനായി നാനൂറില്‍ പരം പേപ്പറുകള്‍ ലഭിച്ചതില്‍ നിന്നും സമഗ്രമായ അവലോകന പ്രക്രിയക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട 110 ഓളം പേപ്പറുകളാണ് കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുക.

രാജ്യത്തിന്റെ അകത്തും പുറത്തും ഉള്ളവര്‍ മൂന്നു ദിവസങ്ങളിലായി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ഇരുനൂറോളം അക്കാദമിക് വിദഗ്ദ്ധര്‍ ചേര്‍ന്ന് പ്രബന്ധങ്ങള്‍ വിലയിരുത്തുകയും ചെയ്യും. ലോകമെമ്പാടുമുള്ള അക്കാദമിക് വിദഗ്ധരുടെയും വ്യവസായ പ്രമുഖരുടെയും സ്റ്റാര്‍ട്ടപ്പുകളുടേയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, പ്ലീനറി സെഷനുകള്‍, വ്യവസായ സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവയും; സ്‌പോണ്‍സര്‍മാരുടെയും, അഫിലിയേറ്റഡ് കോളേജുകളുടെയും പ്രദര്‍ശനങ്ങള്‍ എന്നിവയും കോണ്‍ഫറന്‍സ്‌ന്റെ ഭാഗമായി നടക്കും.

സര്‍വ്വകലാശാലയുടെ 142 അഫിലിയേറ്റഡ് എഞ്ചിനീയറിംഗ് കോളേജുകളില്‍ മികവ് വളര്‍ത്തിയെടുക്കാനുള്ള കാഴ്ചപ്പാടോടെ, വിദ്യാഭ്യാസം, വ്യവസായം, സമൂഹം എന്നിവയുടെ പരിവര്‍ത്തനത്തിന് വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ സ്വാധീനം പര്യവേക്ഷണം ചെയ്യാന്‍ സര്‍വകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗവും കോണ്‍ഫറന്‍സിന്റെ ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനറുമായ ഡോ. വിനോദ് കുമാര്‍ ജേക്കബ് പറഞ്ഞു.

നമ്മുടെ വ്യവസായങ്ങളെയും വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിനും, നൂതന സാങ്കേതിക വിദ്യയിലെ അറിവ് കൈമാറ്റം ചെയ്യുന്നതിനും, അത് വഴി ഉന്നത വിദ്യാഭ്യാസത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമന്വയിപ്പിക്കുന്നതിലൂടെ ഈ മേഖലയില്‍ നവീകരണത്തിന് തുടക്കമിടുന്നതിനുമുള്ള ഒരു സുപ്രധാന വേദിയായി ETIS 2025 മാറും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ്, ഐഒടി മുതല്‍ സ്മാര്‍ട്ട് ടെക്‌നോളജീസ്, റോബോട്ടിക്സും ഓട്ടോമേഷനും, ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ടേഷന്‍, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്‌സ് എന്നിവയടക്കമുള്ള വിവിധ വിഷയങ്ങള്‍ കോണ്‍ഫറന്‍സില്‍ പ്രതിപാദിക്കും. പ്ലീനറി സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍, സാങ്കേതിക പേപ്പര്‍ അവതരണങ്ങള്‍ എന്നിവ മൂന്ന് ദിവസങ്ങളിലായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതിനാല്‍ നിര്‍മിത ബുദ്ധിയുടെ അതിനൂതനമായ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ETIS 2025 വേദിയാകും.

ഡാറ്റാബേസ് മാനേജ്മെന്റിലും, ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗിലും പ്രശസ്തനായ ഐബിഎം ഫെലോ (റിട്ട.) ഡോ. സി. മോഹന്‍, ബിഗ് ഡാറ്റ, സൈബര്‍ സെക്യൂരിറ്റി നെറ്റ്വര്‍ക്ക് സയന്‍സ് എന്നിവയില്‍ ആഗോള സംഭാവനകള്‍ നല്‍കിയിട്ടുള്ള ഓസ്ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി പ്രൊഫ. ഷൂയി യു, പവര്‍ ഇലക്ട്രോണിക്‌സ്, മോട്ടോര്‍ ഡ്രൈവുകള്‍ എന്നിവയില്‍ അംഗീകാരങ്ങള്‍ നേടിയ IISc ബാംഗ്ലൂരിലെ എമറിറ്റസ് പ്രൊഫസറായ കെ. ഗോപകുമാര്‍, ഐഐടി ഇന്‍ഡോറിലെ ഡോ. രാം ബിലാസ് പച്ചോരി, നെറ്റ്വര്‍ക്ക്-ഓണ്‍-ചിപ്പ് സിസ്റ്റങ്ങളിലും കമ്പ്യൂട്ടര്‍ ആര്‍ക്കിടെക്ചറിലും സംഭാവനകള്‍ക്ക് പേരുകേട്ട ഐഐടി ഗുവാഹത്തിയിലെ ഡോ. ജോണ്‍ ജോസ് എന്നീ പ്രമുഖ ശാസ്ത്രജ്ഞരുടെ പ്ലീനറി ചര്‍ച്ചകള്‍ കോണ്‍ഫറന്‍സിന്റെ ഭാഗമാണ്.

കോണ്‍ഫറന്‍സിന്റെ പ്രധാന ആകര്‍ഷണമായ റിസര്‍ച്ച് കോണ്‍ക്ലേവ് ഇന്നൊവേഷന്റെ ഒരു ഹബ് ആയി പ്രവര്‍ത്തിച്ച് അക്കാദമിക-വ്യവസായ സഹകരണത്തിന് സമ്പന്നമായ ഒരു പ്ലാറ്റ്‌ഫോം ഒരുക്കും. അഫിലിയേറ്റഡ് കോളേജുകളില്‍ നിന്നുള്ള SCI ഗവേഷണ പ്രസിദ്ധീകരണങ്ങള്‍, പേറ്റന്റുകള്‍, പ്രോട്ടോടൈപ്പുകള്‍ എന്നിവയുടെ പ്രദര്‍ശനങ്ങള്‍, ഭാവിയിലെ ഗവേഷണത്തിന്റെ വഴി നിര്‍വചിക്കുന്നതിനായി 42 ഗവേഷണ കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കൊളോക്വിയം, റിസര്‍ച്ച് സൂപ്പര്‍വൈസര്‍മാര്‍ക്കും വിദ്യാഭ്യാസ വിദഗ്ദ്ധര്‍ക്കും അനുയോജ്യമായ മികച്ച നിലവാരമുള്ള ഗവേഷണത്തെക്കുറിച്ചുള്ള ശില്‍പശാലകള്‍, എം.ടെക് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ സെഷനുകള്‍, എന്നിവ പുതിയ തലമുറയിലെ ഗവേഷകരെയും കോണ്‍ഫറന്‍സിന്റെ ഭാഗമാക്കുന്നതിനുതകുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. സാങ്കേതികശാസ്ത്ര സര്‍വകലാശാലയുടെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ഫറന്‍സ് ഫെബ്രുവരി ഒന്‍പതിന് സമാപിക്കും.

CONTENT HIGH LIGHTS;First International Conference on Technical Universities (ETIS-2025) begins today

Latest News