104 ഇന്ത്യക്കാരെ കൊടും കുറ്റവാളികളെപ്പോലെ അമേരിക്കയുടെ സൈനിക വിമാനത്തില്‍ ഇന്ത്യയിലേയ്ക്ക് കയറ്റി അയച്ച നടപടി അന്താരാഷ്ട്ര ധാരണകള്‍ക്ക് എതിരാണെന്നു പറയാനുള്ള ആര്‍ജ്ജവം നമ്മുടെ രാജ്യത്തിനു നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് എ.എ. റഹീം എംപി. അനധികൃത കുടിയേറ്റക്കാരെ താന്‍ നാടുകടത്തുമെന്ന് ‘മോദിയുടെ സുഹൃത്ത്’പ്രഖ്യാപിച്ചിട്ട് കുറെ ദിവസമായി.ഇന്ത്യക്കാര്‍ എത്രപേരാണ് അനധികൃതമായി അമേരിക്കയില്‍ ഉള്ളതെന്ന് നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ കയ്യില്‍ കണക്കുണ്ടോ. ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് മാന്യമായി ഇന്ത്യയിലേക്ക് മടങ്ങിവരാനുള്ള സൗകര്യം ഒരുക്കാന്‍ എന്തുകൊണ്ട് മോദി സര്‍ക്കാര്‍ തയ്യാറായില്ല. കൈയ്യാമം വെച്ചും മനുഷ്യാവകാശങ്ങള്‍ ലംഘിച്ചും ഇന്ത്യന്‍ പൗരന്മാരെ മറ്റൊരു രാജ്യം കയറ്റി അയച്ചാല്‍ വാക്ക് കൊണ്ടെങ്കിലും ശക്തമായി അപലപിക്കാന്‍ കഴിയാത്ത വിധം ഇന്ത്യ അമേരിക്കയുടെ അടിമരാജ്യമായി മാറിയോ? മോദിയ്ക്ക് ട്രംപിനെ പേടിയാണോ?അതോ അടിമ സമാനമായ വിധേയത്വമാണോയെന്ന് എ.എ. റഹീം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇന്ന് പാര്‍ലമെന്റില്‍ അടിയന്തിരമായി ഈ പ്രശനം ചര്‍ച്ചചെയ്യണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍, വിദേശകാര്യമന്ത്രി ഒരു പ്രസ്താവന നടത്താന്‍ തയ്യാറായി. ആ പ്രസ്താവനയും തുടര്‍ന്നു അദ്ദേഹം നടത്തിയ പ്രതികരണവും അങ്ങേയറ്റം അപമാനകരമായിരുന്നു. അനധികൃത കുടിയേറ്റത്തെ നിരുത്സാഹപ്പെടുത്തണം എന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ആവര്‍ത്തിക്കുന്നത്. അമേരിക്ക ചെയ്ത മനുഷ്യാവകാശ ലംഘനത്തെയും മര്യാദകേടിനെയും അപലപിക്കാന്‍ പാര്‍ലമെന്റിനുള്ളില്‍ പോലും വിദേശകാര്യമന്ത്രി ഭയപ്പെടുന്നത് കാണാമായിരുന്നു.അമേരിക്കന്‍ വക്താവിനെപ്പോലെയാണ് ഇന്ന് നമ്മുടെ വിദേശകാര്യ മന്ത്രി സംസാരിച്ചത്. അമേരിക്കയ്ക്ക് അവര്‍ അനധികൃത കുടിയേറ്റക്കാരാണ്, പക്ഷേ അവര്‍ ഇന്ത്യന്‍ പൗരന്മാരാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ടി സംസാരിക്കാന്‍ പേടി തോന്നുന്നവര്‍ ഇനി ‘വിശ്വഗുരു’വെന്നു മേനിപറയുന്നത് നിര്‍ത്താനുള്ള മര്യാദയെങ്കിലും കാണിക്കണമെന്ന് എ.എ. റഹീം എംപി പറഞ്ഞു