Kerala

തന്റെ മണ്ഡലത്തിലെ സ്ത്രീകളും തട്ടിപ്പിന് ഇരയായിട്ടുണ്ട്; സരിന്റെ ആരോപണം തള്ളി നജീബ് – mla najeeb kanthapuram

പകുതി വിലയ്ക്ക് സ്‌കൂട്ടറും ഹോം അപ്ലൈന്‍സസും നല്‍കുന്ന തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എം.എല്‍.എ. നജീബ് കാന്തപുരത്തിനും പങ്കുണ്ടെന്ന് സി.പി.എം. നേതാവ് പി.സരിൻ ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ച ആരോപണം നിഷേധിച്ച് നജീബ് കാന്തപുരം. കേരളം കണ്ടതില്‍വെച്ച് ഏറ്റവുംവലിയ തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് നജീബ് കാന്തപുരം പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ മണ്ഡലത്തിലെ സ്ത്രീകളും കുട്ടികളും തട്ടിപ്പിന് ഇരയായിട്ടുണ്ട്. എല്ലാ ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരേയും കബളിപ്പിച്ച് നടത്തിയ തട്ടിപ്പാണ് ഇത്. ഇരകള്‍ക്കൊപ്പം നില്‍ക്കലാണ് പ്രധാന കാര്യമെന്നും മുദ്രയുടെ പ്രവര്‍ത്തനം എന്താണെന്ന് ആര്‍ക്കും അന്വേഷിക്കാമെന്നും നജീബ് പറഞ്ഞു. ജനങ്ങളെ ശാക്തീകരിക്കുകയാണ് മുദ്ര ചെയ്യുന്നത്. സര്‍ക്കാര്‍ സഹായം ഇല്ലാതെയാണ് ഈ പ്രവര്‍ത്തനം ചെയ്യുന്നതെന്നും നജീബ് വ്യക്തമാക്കി.

പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കുന്നതിനായി നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന്, എം.എല്‍.എ. തന്റെ ഫൗണ്ടേഷനിലൂടെ കണ്ടെത്തി നല്‍കിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് നീണ്ടതാണ്. അത് വഴി എം.എല്‍.എ, ഒരേ സമയം ആളുകളില്‍നിന്ന് പണം തട്ടിക്കാനും, അതിനോടൊപ്പം തന്നെ മുദ്ര ഫൗണ്ടേഷന്റെ പേരില്‍ കോര്‍പ്പറേറ്റുകളില്‍നിന്ന് ഭീമമായ ഫണ്ടുകള്‍ സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചെന്നും സരിൻ ആരോപണം ഉന്നയിച്ചിരുന്നു.

കൂടാതെ എം.എല്‍.എക്ക് ഈ തട്ടിപ്പില്‍നിന്ന് കൈകഴുകാന്‍ പറ്റാത്തവിധം വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുകൊണ്ടു വരിക തന്നെ ചെയ്യും. റഞ്ഞു പറ്റിച്ച ആളുകള്‍ക്ക് എം.എല്‍.എ. തന്റെ സ്വന്തം പോക്കറ്റില്‍നിന്നോ, ഫൗണ്ടേഷന്റെ പേരില്‍ നടക്കുന്ന വെട്ടിപ്പ് പണത്തില്‍നിന്നോ, ഇനി മുസ്ലിം ലീഗിന്റെ പാര്‍ട്ടി ഫണ്ടില്‍നിന്ന് തന്നെയോ തുക മടക്കി നല്‍കും എന്ന അവകാശവാദം ഉന്നയിച്ച് രക്ഷപ്പെടാം എന്ന് കരുതണ്ട എന്നും പറഞ്ഞിരുന്നു.

STORY HIGHLIGHT: mla najeeb kanthapuram refutes p sarin allegation