Kerala

എ.ഐ. സ്വതന്ത്രമായി ഉപയോഗിക്കാന്‍ കഴിയണം, എ.ഐ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദര്‍ശനം മാര്‍ക്‌സിസം; എം.വി. ഗോവിന്ദൻ – mv govindan

എ.ഐ. സംവിധാനത്തെ സ്വതന്ത്രമായി ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ബദലായി കൈകാര്യംചെയ്യാന്‍ കഴിയണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എ.ഐ. ഉള്‍പ്പെടെയുള്ള എല്ലാത്തിനേയും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദര്‍ശനം മാര്‍ക്‌സിസം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള പ്രതിനിധി സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഭാഗത്ത് സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു, മറുഭാഗത്ത് ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുക എന്ന മുതലാളിത്ത പ്രതിസന്ധിയുടെ ആഴം കൂടിവരികയാണ്. ഉത്പാദനോപാധികള്‍ പൊതു ഉടമസ്ഥതയിലായാല്‍ എ.ഐ. സംവിധാനംകൂടി ഉപയോഗിച്ച് അതില്‍നിന്നുള്ള ഉത്പാദനം ജനങ്ങളുടെ ജീവിതത്തില്‍ പൊതു സ്വത്തായി മാറും. സ്വകാര്യ ഉടമസ്ഥതയിലായാല്‍ കോര്‍പറേറ്റുകൾക്കാണ്‌ മിച്ചമൂല്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മുഴുവന്‍ സമ്പത്തിന്റെയും അവകാശികളാകാന്‍ സാധിക്കുക. ഇതിന് മാറ്റംവരുത്തണമെങ്കില്‍, ഇപ്പോള്‍ ചൈന പോലുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ, അവരുണ്ടാക്കുന്ന എ.ഐ. സംവിധാനത്തെ സ്വതന്ത്രമായി ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു ബദലായി കൈകാര്യംചെയ്യണം. ലോകത്തെമ്പാടുമുള്ള സ്വതന്ത്ര സോഫ്റ്റവെയര്‍ ഉപയോഗിച്ച് കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തിലേക്ക് ചൈന ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുകയാണ് എം.വി. ഗോവിന്ദൻ പറഞ്ഞു.

എ.ഐ. സംവിധാനത്തിന്റെ ഫലമായി ലോകത്തെമ്പാടും വളര്‍ന്നുവരുന്ന തൊഴിലില്ലായ്മ, ശാസ്ത്ര- സാങ്കേതിക വിദ്യ ഉപയോഗിച്ച് വീണ്ടും കൂടുകയും ചെയ്യുന്ന സാഹചര്യം വന്നാല്‍ അത് വമ്പിച്ച രീതിയിലുള്ള സമരങ്ങളിലേയ്ക്കും പോരാട്ടങ്ങളിലേയ്ക്കുമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ നയിക്കുക. ജനാധിപത്യ വിപ്ലവത്തിന്റെയും സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെയും പാതയിലേയ്ക്ക് സമൂഹത്തെ നയിക്കാൻ കഴിയുക എന്നാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. അല്ലാതെ, എ.ഐയിലൂടെ സോഷ്യലിസം വരും എന്നല്ല. എന്നാല്‍, ഞാന്‍ പറഞ്ഞതിനെ ചില മാധ്യമങ്ങള്‍, സോഷ്യലിസത്തിലേയ്ക്കുള്ള വഴിയാണ് എ.ഐ. എന്ന് പാതിവെന്ത കാര്യംവെച്ചുകൊണ്ട് വാര്‍ത്ത സൃഷ്ടിക്കുകയാണ് ചെയ്തത്. അദ്ദേഹം പറഞ്ഞു.

എ.ഐ. സംവിധാനം വരുമ്പോള്‍ ഉണ്ടാകുന്ന വര്‍ഗസമരത്തിന്റെ ആക്കം അതിശക്തമായിരിക്കും എന്ന് ചൂണ്ടിക്കാണിക്കുകയാണ് ഞാൻ ചെയ്തത്. ഞാന്‍ അന്ന് പറഞ്ഞതും പിന്നീട് പറഞ്ഞതും ഒന്നുതന്നെയാണ്. കുറച്ചുകൂടി വിശദമായി പറഞ്ഞു എന്നുമാത്രമേയുള്ളൂ- എം. വി ഗോവിന്ദൻ പറഞ്ഞു.

STORY HIGHLIGHT: mv govindan about ai