ടോൾ ബൂത്തുകളിൽ നയാ പൈസ കൊടുക്കാതെ നിങ്ങൾക്ക് യാത്രചെയ്യാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! | you-can-travel-without-paying-at-toll-booths-just-a-couple-of-things-to-keep-in-mind

മറ്റെല്ലാ വാഹനങ്ങളും നിശ്ചിത ടോൾ കൊടുത്തേ മതിയാവൂ

50 കോടി രൂപയിൽ കൂടുതൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച റോഡുകളിൽ ടോൾ പിരിക്കാൻ അനുമതി നൽകാനുള്ള ആലോചനയിലാണ് സംസ്ഥാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ദേശീയ പാതകളിൽ കൊല്ലുന്ന ടോൾ കൊടുത്താണ് ഇപ്പോൾ ജനം സഞ്ചരിക്കുന്നത്. അതിനിടെ സംസ്ഥാന പാതകളിലും ടോൾ പിരിക്കാൻ തുടങ്ങിയാൽ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർക്ക് ഭയമുണ്ട്. ടോൾ ബൂത്തുകൾ ഒഴിവാക്കി ഫാസ്ടാഗ് വഴി ടോൾ ഈടാക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. സൈനിക വാഹനങ്ങൾ, ഭരണകർത്താക്കൾ പോലുള്ള വിഐപികളുടെ വാഹനങ്ങൾ, പൊതുഗതാഗത്തിന് ഉപയോഗിക്കുന്ന വാഹങ്ങൾ, ടൂ വീലറുകൾ എന്നിവയ്ക്ക് മാത്രമാണ് ടോൾ ഇളവുകൾ ഉള്ളത്. മറ്റെല്ലാ വാഹനങ്ങളും നിശ്ചിത ടോൾ കൊടുത്തേ മതിയാവൂ.

യാത്രക്കാരുടെ സൗകര്യാർത്ഥം ടോൾ പ്ളാസകളിലെ നീണ്ട ക്യൂ ഇല്ലാതാക്കുന്നതിന് വേണ്ടി ചില സംവിധാനങ്ങളുണ്ട്. അതിലൊന്നാണ് ഫാസ്ടാഗുകൾ. ഫാസ്ടാഗുകൾ ഉണ്ടായിട്ടും ടോൾ പ്ളാസകളിൽ നീണ്ട ക്യൂവോ അവഗണനയോ ഒരു വാഹന ഉടമ നേരിടുന്നുണ്ടോ? എങ്കിൽ നിർബന്ധമായും ഇവ അറിഞ്ഞിരിക്കണം. ഇത്തരം ഒരു സന്ദർഭത്തിലൂടെ കടന്നുപോകുന്ന ഡ്രൈവർക്ക് നയാ പൈസ ടോൾ നൽകാതെ യാത്രചെയ്യാൻ അവകാശം നൽകുന്നതാണ് അവ. ഭൂരിപക്ഷത്തിനും ഇക്കാര്യങ്ങൾ അറിയില്ലെന്ന് മാത്രം. അടുത്തിടെയാണ് നാഷണൽ ഹൈവേ അതോറിറ്റി (എൻഎച്ച് എഐ ) ടോൾബൂത്തുകളുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ പരിഷ്കരിച്ചത്. പുതുക്കിയ മാർഗനിർദ്ദേശത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പത്തുസെക്കൻഡ് റൂൾ എന്നത്. പണം കൊടുത്ത് ടോൾ ബൂത്തുകൾ കടക്കുന്നതിന് ഏറെ സമയം നഷ്ടമാക്കുന്നു എന്ന് വ്യക്തമായതോടെയാണ് ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്തിയത്.

വാഹനം ടോൾ ബൂത്തിലൂടെ കടന്നുപോകുന്നമ്പോൾ പ്രത്യേക സംവിധാനത്തിലൂടെ ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് നിശ്ചിത തുക ഈടാക്കുകയാണ് ചെയ്യുന്നത്. ഞാെടിയിട മാത്രം മതിയാവും ഇതിന്. എന്നാൽ ഈ ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഫാസ്ടാഗ് കൊണ്ട് കാര്യമില്ലല്ലോ‌?. പത്തുസെക്കൻഡ് റൂളും പറയുന്നത് ഇതുതന്നെയാണ്. ടോൾ ബൂത്തിൽ പത്തുസെക്കൻഡിൽ കൂടുതൽ ഒരു വാഹനം കാത്തുനിൽക്കേണ്ടി വന്നാൽ ആ വാഹനത്തെ ടോൾ നൽകാതെ കടത്തിവിടണം എന്നാണ് പുതുക്കിയ മാർഗ നിർദ്ദേശത്തിൽ പറയുന്നത്. എത്ര തിരക്കുള്ള സമയത്തും ഈ നിയമം ബാധകമാണ്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇത് ബാധകമല്ലെന്ന് പ്രത്യേകം ഓർമ്മിക്കണം. ഒരു ഫാസ്ടാഗിന് അഞ്ചുവർഷം മാത്രമാണ് സാധുത. ഇതിൽ ആവശ്യത്തിന് പണം ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് വാഹന ഉടമയാണ്. മതിയായ ബാലൻസ് ഇല്ലെങ്കിൽ ഉടൻ ഫാസ്ടാഗ് അക്കൗണ്ടിലേക്ക് പണം അടയ്ക്കണം.

പത്ത് സെക്കൻഡ് റൂളിനൊപ്പം പ്രാധാന്യം ഉള്ളതാണ് 100 മീറ്റർ നിയമവും. പത്തുസെക്കൻഡ് ടോൾ ബൂത്തിൽ കാത്തുനിൽക്കുന്ന സമയത്തെയാണെങ്കിൽ 100 മീറ്റർ നിയമം വ്യക്തമാക്കുന്നത് ക്യൂവിന്റെ നീളത്തെയാണ്. അത് എന്താണെന്ന് വ്യക്തമാക്കാം. നിങ്ങൾ ടോൾ ബൂത്തിലെത്തുമ്പോൾ അവിടെ കുറച്ചുവാഹനങ്ങൾ ക്യൂവിലുണ്ട്. ആ ക്യൂവിന് 100 മീറ്ററിൽ കൂടുതൽ നീളമുണ്ടെങ്കിൽ ക്യൂവിലെ വാഹനങ്ങൾക്ക് ടോൾ കൊടുക്കാതെ കടന്നുപോകാൻ അനുവദിക്കണം. ക്യൂവിന്റെ നീളം 100 മീറ്ററിൽ കൂടുലാണെന്ന് എങ്ങനെ തിരിച്ചറിയും എന്ന സംശയം ഉണ്ടാകുന്നത് സ്വാഭാവികം. വാഹന ഉടമകൾക്ക് ഇത് എളുപ്പത്തിൽ തിരിച്ചറിയുന്നതിനുളള സംവിധാനവും ടോൾ ബൂത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ടോൾ ലൈനുകളിലും ഉള്ള മഞ്ഞ ലൈൻ മാർക്കറുകളാണ് ഇത് വ്യക്തമാക്കുന്നത്. ഇതുതന്നെയാണ് 100 മീറ്റർ ലൈനും. വാഹനത്തിൽ ഇരുന്ന് വെറുതേ വശത്തേക്ക് ഒന്നുനോക്കിയാൽ ഇക്കാര്യം ഏതൊരാൾക്കും വ്യക്തമാകും.നിയമങ്ങൾ ഇങ്ങനെ പറയുന്നുണ്ടെങ്കിലും ഇത് പലപ്പോഴും ടോൾ ബൂത്ത് ജീവനക്കാർ അനുവദിക്കാറില്ല. അങ്ങനെയുള്ള അവസരത്തിൽ അധികൃതർക്ക് പരാതി നൽകാനും അവസരമുണ്ടാകും.

STORY HIGHLIGHTS:  you-can-travel-without-paying-at-toll-booths-just-a-couple-of-things-to-keep-in-mind