Kerala

രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്

രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം. 2024-2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളുടെ അന്തിമ സ്റ്റേറ്റ്‌മെന്റും 2024-25 സാമ്പത്തിക വര്‍ഷത്തെ ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും സഭയുടെ മേശപ്പുറത്തുവയ്ക്കും.

തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തെരഞ്ഞടുപ്പും വരാനിരിക്കെ ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. ക്ഷേമ പെന്‍ഷന്‍ 150 മുതല്‍ 200 രൂപ വരെയെങ്കിലും കൂട്ടി നല്‍കുമെന്നാണ് പ്രതീക്ഷ. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട പ്രഖ്യാപനങ്ങളുമുണ്ടാകും.

വിവിധ സേവന നിരക്കുകള്‍ കൂടാനിടയുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി മുന്‍നിര്‍ത്തിയുള്ള വികസന പദ്ധതി പ്രഖ്യാപനങ്ങള്‍ക്കും വയനാട് പുനരധിവാസ പാക്കേജിനും ബജറ്റില്‍ ഊന്നലുണ്ടാകും. സ്വകാര്യ നിക്ഷേപങ്ങളും സ്റ്റാര്‍ട്ടപ്പുകളും മുതല്‍ സ്വകാര്യ സര്‍വ്വകലാശാലകളടക്കം പ്രഖ്യാപിത ഇടത് നിലപാടുകളില്‍ നിന്ന് വ്യത്യസ്ഥമായ നയസമീപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.