പകുതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തുവിനെ കൊച്ചിയിലെ ഓഫീസുകളിലും ഫ്ലാറ്റിലുമെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. അനന്തുവിൻ്റെ അക്കൗണ്ടൻ്റിനെയും മറ്റ് ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാത്തതും മൊഴികളിലെ വൈരുധ്യവുമാണ് പൊലീസിനെ കുഴക്കുന്നത്. രാഷ്ട്രീയ നേതാക്കളടക്കം ഉന്നത സ്ഥാനത്തുള്ളവരെ മുൻ നിർത്തിയായിരുന്നു അനന്തുവിൻ്റെ തട്ടിപ്പ്. എന്നാൽ ഈ ബന്ധങ്ങളെ കുറിച്ച് കൃത്യമായ മറുപടി അനന്തുവിനില്ല. ഫണ്ട് ചിലവഴിച്ച വഴികളെക്കുറിച്ചും അവ്യക്തത നിലനിൽക്കുകയാണ്. ഇതിൽ വ്യക്തത വരുത്താൻ കൂടുതൽ തെളിവുകൾ സമാഹരിക്കാനാണ് പൊലീസിൻ്റെ നീക്കം.
അനന്തു കൃഷ്ണന്റെ ഓഫർ തട്ടിപ്പിൽ കൊല്ലത്തും പൊലീസ് അന്വേഷണം ആരംഭിച്ചു. ചവറ, കരുനാഗപ്പള്ളി സ്റ്റേഷനുകളിലായി 45 പരാതികളാണ് ലഭിച്ചത്. അനന്തു കൃഷ്ണൻ നേതൃത്വം നൽകിയ സീഡ് ഏജൻസിയുടെ ചുമതലക്കാരനായിരുന്ന കരുനാഗപ്പള്ളി തഴവ സ്വദേശി മുഹമ്മദ് നൗഫലും പൊലീസിനെ സമീപിച്ചു.