വളയത്ത് ആയുധ ശേഖരം കണ്ടെടുത്ത സ്ഥലത്ത് ഇന്നും പൊലീസിന്റെ പരിശോധന നടക്കും. പിടിച്ചെടുത്ത ബോംബുകള്‍ അടുത്ത ദിവസം കൊണ്ടുവെച്ചതെന്നാണ് ലഭിക്കുന്ന വിവരം. സ്റ്റീൽ ബോംബുകള്‍ക്കും മറ്റും രണ്ട് ദിവസത്തെ പഴക്കം മാത്രമാണുള്ളത്.
14 സ്റ്റീല്‍ബോംബും പൈപ്പ് ബോംബുകളും വടിവാളുകളുമാണ് ഇന്നലെ വളയം പൊലീസ് കണ്ടെടുത്തത്. ബോംബുകള്‍ ഇന്ന് നിര്‍വീര്യമാക്കും. അടുത്ത കാലത്തൊന്നും സംഘര്‍ഷം ഉണ്ടായിട്ടില്ലാത്ത കോഴിക്കോട് – കണ്ണൂർ അതിര്‍ത്തിയായ കായലോട്ടു താഴെ പാറച്ചാല്‍ എന്ന സ്ഥലത്താണ് ഇന്നലെ വൈകീട്ട് ബോംബുകളടക്കം വൻ ആയുധ ശേഖരം പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പൊലീസ് പരിശോധനയില്‍ കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. 14 സ്റ്റീൽ ബോംബുകൾ, രണ്ട് പൈപ്പ് ബോംബുകൾ, വടിവാളുകൾ എന്നിവയാണ് കണ്ടെടുത്തത്.
പൊലീസും ബോംബ്-ഡോഗ് സ്ക്വാഡുകളും ഇന്നലെ അഞ്ച് മണിയോടെയാണ് പ്രദേശത്ത് പരിശോധന നടത്തിയത്. കോഴിക്കോട്- കണ്ണൂർ ജില്ലാ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് ഇത്. നേരത്തെ ഇവിടെ സംഘർഷ മേഖലയായിരുന്നെങ്കിലും കഴിഞ്ഞ കുറേക്കാലമായി സമാധാനം നിലനില്‍ക്കുന്ന പ്രദേശമാണ്.