രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കേരളത്തിന്റെ സമ്പത്ത് ഘടന അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്നും കേരളത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ച വളരെ മെച്ചപ്പെട്ട നിലയിലാണെന്നും മന്ത്രി പറഞ്ഞു.
ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോൾ അത് മറച്ചുപിടിക്കാതെ തുറന്നുപറയാനാണ് സർക്കാർ ശ്രമിച്ചത്. ധനഞെരുക്കം വികസന പ്രവർത്തനത്തെ ബാധിച്ചില്ല. കേരളം ഒരു ടേക്ക്ഓഫിനു സജ്ജമായിരിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു.
സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കുമെന്നും സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. പിഎഫില്‍ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ കെ.എൻ. ബാലഗോപാൽ പറഞ്ഞു.
രാവിലെ ഒമ്പതിനാണ് ബജറ്റ് ആരംഭിച്ചത്. 10, 11, 12 തീയതികളിലാണ് ബജറ്റ് ചർച്ച. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും. നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് ബജറ്റിന് മുമ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.